
കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം യുഡിഎഫിൽ “വെൽ ഫയർ’ ആയി മാറുന്നു. തീവ്രനിലപാടുകളുടെ പേരിൽ വിമർശനം
നേരിടുന്ന ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രസ്ഥാനമായ വെൽഫെയർ പാർട്ടിയുമായി കൈകോർക്കുന്നതിൽ പ്രതിഷേധ തീയുമായി നിൽക്കുകയാണ് ഒരു വിഭാഗം. ലീഗ് വഴിയാണ് യുഡിഎഫ് വെൽഫെയർ ബന്ധം ശക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ ജമാ അത്തെ ഇസ്ലാമിയുടെ നേതാക്കളെ കണ്ടതോടെയാണ് പുകഞ്ഞു നിന്നിരുന്ന വിഷയം ആളിക്കത്തിയിരിക്കുന്നത്. പ്രതിഷേധം കൈവിട്ടതോടെ നേതാക്കൾ മലക്കംമറിഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് ഘടകകക്ഷിയായ ആര്‍എസ്പിയുടെ സഖ്യമില്ലെന്നു വിശദീകരിച്ചു രംഗത്തുവന്നു. എന്നാൽ, തൊട്ടുപിന്നാലെ കെ.മുരളീധരന് അനുകൂല നിലപാടുമായി രംഗത്തെത്തി.
കോഴിക്കോടുള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ പ്രദേശിക ധാരണയുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ വെല്‍ഫെയര്‍പാര്‍ട്ടി സഖ്യത്തെ ചൊല്ലി യുഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നു.
അതേസമയം, തെരഞ്ഞെടുപ്പിന് മുമ്പുള്ള നേതാക്കളുടെ പരസ്പര വിരുദ്ധമായ പ്രതികരണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. പ്രാദേശിക അണികള്‍ക്കിടയിലും ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടമാണ്. മറ്റന്നാള്‍ കൊച്ചിയില്‍ ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ചേര്‍ന്നു മത്സരിക്കാന്‍ വെല്‍ഫെയര്‍പാര്‍ട്ടി തീരുമാനിച്ചതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിന് മുമ്പേ യുഡിഎഫില്‍ വാക്പോര് പൊട്ടിപ്പുറപ്പെട്ടത്.
യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് ജമാഅത്തെ അമീറുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയെത്തുടര്ന്നുണ്ടായ പ്രചാരണങ്ങള്‍ക്കു പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് തെരഞ്ഞെടുപ്പില്‍ ജമാഅത്തെയുമായുള്ള ബന്ധത്തെ പൂര്‍ണമായും നിഷേധിച്ചു.
വെല്‍ഫെയര്‍പാര്‍ട്ടിയെ സഖ്യകക്ഷിയാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. എം.എം. ഹസന് ജമാഅത്തെ അമീറിനെ കണ്ടതു സമുദായ നേതാക്കളെ കാണുന്നതിന്റെ ഭാഗമായിട്ടാണെന്നും മുല്ലപ്പള്ളി വിശദീകരിച്ചു.
തെരഞ്ഞെടുപ്പില്‍ പ്രാദേശികമായി നീക്കുപോക്കുണ്ടാക്കുമെന്നും മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ചെയ്താണ് ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ചതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസും ലീഗുമായാണ് നീക്കുപോക്ക്.
ഇതോടെ കെപിസിസി പ്രസിഡന്റിന്റെ വാദം അസ്ഥാനത്തായി. ആര്‍എസ്പിയും വെല്‍ഫെയര്‍പാര്‍ട്ടിയുമായി സഹകരിക്കാനുള്ള നീക്കത്തെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തി.
തത്കാലം പുറത്തുനിന്ന് ആരെയും ഉള്‍പ്പെടുത്തേണ്ടെന്നാണ് യുഡിഎഫ് തീരുമാനമെന്ന് ആര്‍എസ്പി നേതാക്കള്‍ പറഞ്ഞു. അതേസമയം, ജമാഅത്തെ ഇസ്ലാമിയുമായുള്ള കോണ്‍ഗ്രസ്- ലീഗ് തെരഞ്ഞെടുപ്പ് ബന്ധത്തെ സിപിഎമ്മും ബിജെപിയും ഉറ്റുനോക്കുന്നുണ്ട്.
സഖ്യത്തെ രാഷ്ട്രീയ ആയുധമാക്കി പ്രചാരണം നടത്താനുള്ള നീക്കത്തിലാണ് ബിജെപിയും സിപിഎമ്മും. ഇതു മുന്നിൽ കണ്ടാണ് നിഷേധക്കുറിപ്പുമായി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരിക്കുന്നത്.