കണ്ണൂർ: മന്ത്രി ജലീലിന്റെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തുടരുന്ന മൗനം എന്തോ ഒളിച്ചുവയ്ക്കാനുള്ളതിന്റെ തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൃത്യമായ സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവുമാണ് ഇക്കാര്യത്തിൽ നടന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അഴിമതി നടത്തിയ മന്ത്രി ജലീൽ രാജി വയ്ക്കണം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം. എന്നാൽ രാജി ആവശ്യപ്പെടാതെ മുഖ്യമന്ത്രി തുടരുന്ന മൗനം ലജ്ജാകരമാണ്. തിരുവനന്തപുരത്ത് എന്തെല്ലോ ചീഞ്ഞുനാറുകയാണ്.
മന്ത്രി ജലീൽ രാജിവയ്ക്കുന്നതുവരെ കോൺഗ്രസും യുഡിഎഫും ശക്തമായ പ്രക്ഷോഭം നടത്തും. എൽഡിഎഫ് അധികാരത്തിലുള്ള കാലങ്ങളിലൊക്കെ ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും പ്രധാന സ്ഥാനങ്ങളിൽ നിയോഗിക്കുന്നത് പതിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.