കണ്ണൂർ: പ്രധാനമന്ത്രിയായി ചുമതലയേറ്റസമയത്ത് പാർലമെന്റിന്റെ പടവുകളിൽ നരേന്ദ്രമോദി തലവച്ച് പ്രാർഥിച്ചത് ഞാനും എന്റെ പ്രസ്ഥാനവും ജനാധിപത്യത്തെയും പാർലമെന്റ് വ്യവസ്ഥയെയും തകർക്കുമെന്നാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
അതാണിപ്പോൾ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ യുഡിഎഫിന്റെ ഒരുമയുടെ ഭൂപടം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഫാസിസത്തിന് എതിരേയുള്ള മുന്നേറ്റത്തെ തകർത്തത് പിണറായി വിജയനാണ്. ഫാസിസത്തിനെതിരായ സമരത്തിൽ സിപിഎമ്മിനെ കൂടെനിർത്തി എന്നതിനർത്ഥം അവരുമായി കൈപിടിച്ചുകൊണ്ട് സമരം നടത്തുമെന്നല്ല.
ജനങ്ങൾക്ക് ഒരു നല്ല സന്ദേശം നൽകാനാണ് ഒരുമിച്ചു നിന്നത്. എന്നാൽ അക്കാര്യത്തിൽ കുത്തിത്തിരിപ്പുണ്ടാക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്വാതന്ത്ര്യദിനത്തെയും ഗാന്ധിജിയെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത കമ്യൂണിസ്റ്റുകാർ ഇപ്പോൾ അതിന്റെയൊക്കെ ആളായി മുന്നിൽനിൽക്കുന്നത് ജനം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.