തമിഴ്‌നാട് പറഞ്ഞതു പച്ചക്കള്ളം! ഓഗസ്റ്റ് 15ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 144 അടി പിന്നിട്ടിരുന്നു; തമിഴ്‌നാടിന്റെ ഡിജിറ്റല്‍ മീറ്ററില്‍ 143.4 അടി രേഖപ്പെടുത്തിയതിന്റെ രേഖ പുറത്ത്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ തമിഴ്‌നാടിന്റെ കള്ളക്കളി വെളിച്ചത്താകുന്നു. ജലനിരപ്പ് സുപ്രീംകോടതി പറഞ്ഞിട്ടുള്ള 142 അടിയായപ്പോഴാണ് അണക്കെട്ടിലെ സ്പില്‍വേയുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതെന്നാണ് തമിഴ്‌നാട് പറഞ്ഞിരുന്നത്. എന്നാല്‍, ഓഗസ്റ്റ് 15ന് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 144 അടി പിന്നിട്ടിരുന്നു എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

15ന് ഉച്ചകഴിഞ്ഞു രണ്ടോടെ ജലനിരപ്പ് 144 പിന്നിട്ടതോടെയാണ് സ്പില്‍വേയുടെ 13 ഷട്ടറുകളും ഏഴടി ഉയര്‍ത്തിയത്. അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന തമിഴ്‌നാടിന്റെ ഡിജിറ്റല്‍ മീറ്ററില്‍ 143.4 അടി രേഖപ്പെടുത്തിയതിന്റെ രേഖ പുറത്തുവന്നിട്ടുണ്ട്. ഇതു കേരള സര്‍ക്കാരിനും ലഭിച്ചിട്ടുണ്ട്. ഇങ്ങനെ തുറന്നുവിട്ടതോടെ വെള്ളം പെരിയാര്‍ തീരങ്ങളെ നക്കിത്തുടച്ച് ഇടുക്കി അണക്കെട്ടിലെത്തി. 136 അടി പിന്നിട്ടപ്പോള്‍ത്തന്നെ ഘട്ടംഘട്ടമായി വെള്ളം തുറന്നു വിടണമെന്ന കേരളത്തിന്റെ അഭ്യര്‍ഥന നിഷ്‌കരുണം തള്ളി 142 അടിയിലെത്തിക്കാന്‍ കാത്തിരുന്ന തമിഴ്‌നാടാണ് ജലനിരപ്പ് അപ്രതീക്ഷിതമായി ഉയര്‍ന്നതോടെ തോന്നുംപടി വെള്ളം തുറന്നുവിട്ടത്.

പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വെള്ളം എത്തിയതോടെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ രാത്രിയില്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വന്നു. ഇതിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെയും ജനങ്ങളെയും ചെറുതോണിയുടെ പരിസരത്തുനിന്നു മാറ്റി. സമീപത്തെ ലോഡ്ജുകളില്‍നിന്നു പോലും ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു.

പോലീസ് തടഞ്ഞു

ഇതിനിടെ, മുല്ലപ്പെരിയാറില്‍ വീണ്ടും വെള്ളം കൂടിയതോടെ സ്പില്‍വേയുടെ ഷട്ടറുകള്‍ ഏഴടിയില്‍ കൂടുതല്‍ ഉയര്‍ത്താന്‍ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പലതവണ ശ്രമിച്ചെങ്കിലും കേരള പോലീസ് തടഞ്ഞു. ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ കേരളം ഇപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ പ്രളയദുരന്തത്തിന് ഇരയായി മാറിയേനെ. കേരളം നേരിട്ടേക്കാമായിരുന്ന വന്‍ ദുരന്തമാണു പോലീസ് ഒഴിവാക്കിയത്. ഇതോടെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ കേരള പോലീസുമായി സംഘര്‍ഷമുണ്ടാക്കി. പോലീസിനെതിരേ തേനി കളക്ടര്‍ക്കു പരാതിയും നല്‍കി. പ്രതികാരമായി പോലീസ് ക്യാമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു.

ഡിജിറ്റല്‍ മീറ്റര്‍ ഓഫാക്കി

വൈദ്യുതി നിലച്ചതോടെ അണക്കെട്ട് പ്രദേശം ഇരുട്ടിലായി. രാത്രിയുടെ മറവിലെ ചെയ്തികള്‍ക്കു മറയിടാനാണ് ഇതുവഴി തമിഴ്‌നാട് ശ്രമിച്ചത്.

ജലനിരപ്പ് 144 പിന്നിട്ടതോടെ ജലവിതാനം തിട്ടപ്പെടുത്തുന്ന ഡിജിറ്റല്‍ മീറ്റര്‍ ഓഫാക്കി മുറി താഴിട്ടുപൂട്ടി. കേരളം പ്രളയത്തില്‍പ്പെട്ടപ്പോള്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടാനുള്ള മനുഷ്യത്വമില്ലാത്ത ശ്രമമാണ് തമിഴ്‌നാട് നടത്തിയത്. കോടതിവിധിയെപ്പോലും ധാര്‍ഷ്ട്യത്തോടെ മറികടക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥര്‍ പുലര്‍ത്തിയത്. ജലനിരപ്പ് 142 അടി പിന്നിട്ടതു കോടതിയലക്ഷ്യമാണ്.

നടന്നത് ഇങ്ങനെ

15ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെ ജലനിരപ്പ് 140 അടിയില്‍ എത്തിയപ്പോള്‍ പത്തു ഷട്ടറുകള്‍ അര അടി ഉയര്‍ത്തി. രാവിലെ പതിനൊന്നോടെ ഷട്ടറുകള്‍ ഒരടി ഉയര്‍ത്തി.അല്പനേരം കഴിഞ്ഞ് ഷട്ടറുകള്‍ താഴ്ത്തി. ഈ സമയം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് സെക്കന്‍ഡില്‍ 28,000 ഘനയടിയിലധികം വെള്ളമായിരുന്നു.

ഉച്ചയ്ക്കു പന്ത്രണ്ടേമുക്കാലോടെ ജലനിരപ്പ് 142 അടിയിലെത്തിയിട്ടും ഷട്ടറുകള്‍ ഉയര്‍ത്തിയില്ല. ഉച്ചകഴിഞ്ഞു രണ്ടോടെ ജലനിരപ്പ് 144 അടി പിന്നിട്ടപ്പോഴാണ് 13 ഷട്ടറുകള്‍ ക്രമാതീതമായി പെട്ടെന്ന് ഉയര്‍ത്തിയതും തുടര്‍ന്ന് ചെറുതോണി ഡാം കൂടുതല്‍ തുറക്കേണ്ടി വന്നതും.

പ്രസാദ് സ്രാമ്പിക്കല്‍

Related posts