കോട്ടയം: തമിഴ്നാട്ടിൽ മഴ പെയ്യുന്പോൾ മുല്ലപ്പെരിയാറിനെപ്പറ്റി ആശങ്ക വേണോ? വേണമല്ലോ, തമിഴ്നാട്ടിലല്ല മുല്ലപ്പെരിയാർ ഡാമിന്‍റെ വൃഷ്ടിപ്രദേശം, കേരളത്തിൽ മാത്രമാണ് മുല്ലപ്പെരിയാറിന്‍റെ വൃഷ്ടിപ്രദേശം. അപ്പോൾ കേരളം എന്തിന് ആശങ്കപ്പെടണം? ആശങ്കപ്പെടേണ്ടതുകൊണ്ട്…
മുല്ലപ്പെരിയാറിലെ ജലം ഉപയോഗിക്കുന്നത് തമിഴ്നാടാണ്. ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും. മുല്ലപ്പെരിയാറിൽ നിന്നും കുമളി ഇറച്ചിപ്പാലം വഴി കൊണ്ടുപോകുന്ന വെള്ളം തമിഴ്നാട്ടിലെ പെരിയാർ വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിച്ചിട്ട് ചുരുളികൾ വഴി വൈഗ ഡാമിൽ എത്തിക്കും. അവിടെ നിന്നും ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും വെള്ളം ഒഴുക്കുന്നു.
തമിഴ്നാട് ഭാഗത്ത് മഴ നന്നായി പെയ്താൽ മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം എടുക്കില്ല. കേരളത്തിൽ വലിയ മഴ പെയ്യുന്പോൾ തമിഴ്നാട്ടിൽ പെയ്യണമെന്ന് നിർബന്ധമില്ല. എന്നാൽ പശ്ചിമ ഘട്ടത്തിന്‍റെ കിഴക്കു ഭാഗമായ തമിഴ്നാട്ടിലെ തേനി, കന്പം മലനിരകളിൽ മഴ പെയ്യുന്പോൾ ഇപ്പുറത്ത് കേരളത്തിലെ വനങ്ങളിലും മഴകിട്ടും. അതായത് പശ്ചിമ ഘട്ടത്തിൽ മഴ പെയ്ത് തമിഴ്നാട്ടിൽ ഡാമുകൾ നിറയുന്നതിനൊപ്പം ഇപ്പുറത്തുള്ള മുല്ലപ്പെരിയാറിലും വെള്ളമെത്തും. ഡാം നിറയും.
ഡാം നിറയാതിരിക്കണമെങ്കിൽ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകണം. അതുണ്ടാകാതിരിക്കുന്പോൾ കേരളം ആശങ്കയിലാകും. ഓഗസ്റ്റ് 15, 16 രാത്രികളിലേതുപോലെ മുല്ലപ്പെരിയാർ ഡാം നിറഞ്ഞു ഇടുക്കിയിലേക്ക് വൻതോതിൽ വെള്ളം ഒഴുക്കി വിട്ടതുപോലുള്ള അനുഭവങ്ങളാണ് കേരളത്തെ പേടിപ്പിക്കുന്നത്. ഈ ദിവസങ്ങളിലും സ്ഥിതി അങ്ങനെ തന്നെ.
മുല്ലപ്പെരിയാറിൽ ദിവസം രണ്ടടി വീതം വെള്ളം കൂടുന്നു. സെക്കൻഡിൽ 8,000 ഘനയടി വെള്ളം ഡാമിൽ എത്തുന്പോൾ 1,627 ഘനയടി വീതമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. അതിനാൽ, മുല്ലപ്പെരിയാർ ഡാം നിറയുന്നു. 130-ലേറെ വർഷം പഴക്കമുള്ള ഡാമായതിനാൽ ആശങ്കയ്ക്ക് ബലം കൂടും.