നാദാപുരം: രണ്ടു പതിറ്റാണ്ടിനിടെ ഉയര്‍ന്ന മുല്ലപ്പൂവിന് വിപണിയില്‍ റിക്കാർഡ് വില.
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതോടെ വിവാഹങ്ങള്‍ സാധാരണ നിലയില്‍ സജീവമായതിനൊപ്പം നവരാത്രി ആഘോഷം കൂടി വന്നെത്തിയതാണ് പൂക്കള്‍ക്ക് വില കുതിച്ചുയരാന്‍ ഇടയാക്കിയതെന്ന് കച്ചവടക്കാര്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച വരെ മുഴത്തിന് നാല്പത് രൂപയ്ക്ക് വിറ്റ മുല്ലപ്പൂവിന് 120 രൂപയാണ് ഇപ്പോൾ വില.കര്‍ണാടകയില്‍ നിന്ന് വരുന്ന കാക്കട എന്ന് പേരുളള വെളളപ്പൂവിന് കഴിഞ്ഞാഴ്ച 20 രൂപയായിരുന്നു ഇന്നലെ അമ്പത് രൂപയായി.
കർണാടകത്തില്‍ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂക്കളെത്തുന്നത്.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയും വില വര്ധനയ്ക്കിടയാക്കിയിട്ടുണ്ട്.
ടൂറിസ്റ്റ് ബസുകളിലും ട്രാന്‍സ്പോര്‍ട്ട് ബസുകളിലുമാണ് സാധാരണ പൂക്കളെത്തുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ട്രാന്‍സ്പോര്‍ട്ട് ബസുകളും ടൂറിസ്റ്റ് ബസ്സുകളും കുറഞ്ഞത് കാരണം സ്പെഷല്‍ വാഹനമെടുത്ത് കര്‍ണാടകയിലും തമിഴ്നാട്ടിലും പോയാണ് പൂക്കള്‍ ശേഖരിക്കുന്നത്.
ഇതും ചെറിയ തോതില്‍ വില വര്ധനയ്ക്കിടയാക്കിയിട്ടുണ്ട്.മുല്ലപ്പൂവിനെ കൂടാതെ റോസ്,ചെണ്ട്മല്ലി,തുടങ്ങിയ പൂക്കള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്.