ലണ്ടന്‍: ഈ വര്‍ഷത്തെ ഏറ്റവും വലിയ അട്ടിമറിയില്‍ അടിതെറ്റി റാഫേല്‍ നദാല്‍ വിംബിള്‍ഡണില്‍ നിന്നു പുറത്ത്. ലോക 26-ാം റാങ്കുകാരനായ ലക്സംബര്‍ഗ് താരം ഗില്‍സ് മുള്ളറാണ് നദാലിന്റെ 16-ാം ഗ്രാന്‍ഡ്സ്ലാം മോഹങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കിയത്. അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിലാണ് 16-ാം സീഡായ മുള്ളര്‍ ലോക രണ്ടാം നമ്പര്‍ താരത്തെ കെട്ടുകെട്ടിച്ചത്. 6-3, 6-4, 3-6, 4-6, 15-13 എന്ന സ്കോറിനായിരുന്നു മുള്ളര്‍ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്.
രണ്ട് ഇടങ്കയ്യന്മാര് മത്സരിക്കുന്നു എന്ന പ്രത്യേകതയോടെയായിരുന്നു മത്സരം. ഈ വര്‍ഷം മികച്ച ഫോമില്‍ കളിക്കുന്ന മുള്ളര്‍ നദാലിന് ചെറിയ വെല്ലുവിളിയുയര്‍ത്തുമെന്നു കളിക്കു മുമ്പേ വിലയിരുത്തലുണ്ടായിരുന്നു. 2001ല്‍ പ്രൊഫഷണല്‍ ടെന്നീസില്‍ ചുവടു വച്ച മുള്ളര്‍ 16 വര്‍ഷത്തിനു ശേഷം ഈ 34-ാം വയസിലാണ് തന്റെ ഏറ്റവും മികച്ച ഫോമിലെത്തിയതെന്നത് കൗതുകകരമാണ്.
കരിയറിലെ ആദ്യ എടിപി കിരീടം നേടുന്നതും ഏറ്റവുമുയര്‍ന്ന റാങ്കിലെത്തുന്നതും ഈ വര്‍ഷമാണ്. ഇതുകൊണ്ടു തന്നെ ടെന്നീസ് പ്രേമികള്‍ നല്ലൊരു പോരാട്ടം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ലക്സംബര്ഗുകാര് പോലും പ്രതീക്ഷിക്കാത്ത പോരാട്ടവീര്യമായിരുന്നു മുള്ളര്‍ കളത്തില്‍ പുറത്തെടുത്തത്.
ആദ്യ സെറ്റില്‍ തന്നെ നദാലിന്റെ സെര്‍വ് രണ്ടു തവണ ബ്രേക്ക് ചെയ്ത മുള്ളര്‍ സെറ്റ് 6-3, സ്വന്തമാക്കി. 6-4 എന്ന സ്കോറിന് രണ്ടാം സെറ്റ് സ്വന്തമാക്കിയപ്പോള്‍ കാണികള്‍ അമ്പരന്നു. ടൂര്‍ണമെന്റില്‍ ഒരു സെറ്റു പോലും തോല്‍ക്കാതെ പ്രീക്വാര്‍ട്ടറിലെത്തിയ നദാല്‍ ഒരു സെറ്റു പോലും നേടാതെ പരാജയപ്പെടുകയാണോ എന്ന ഭീതിപോലും കാണികളില്‍ ഉണ്ടായി. എന്നാല്‍ ടെന്നീസിലെ എക്കാലത്തെയും മികച്ച പോരാളിയായ നദാല്‍ അങ്ങനെ പരാജയപ്പെടാന്‍ ഒരുക്കമല്ലായിരുന്നു.
മുള്ളര്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുത്ത സ്പാനിഷ് താരം മൂന്നും നാലും സെറ്റുകള്‍ 6-3,6-4 എന്ന സ്കോറിന് തന്റെ പേരിലെഴുതി. ഒടുവില്‍ കളി നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക്. ഇരുതാരങ്ങളും സെര്‍വുകള്‍ നിലനിര്‍ത്തി മുന്നേറിയപ്പോള്‍ കാണികള്‍ക്കു ശ്വാസം വിലങ്ങി. പലപ്പോഴും നദാല്‍ മുള്ളറിന്റെ സര്‍വ് ബ്രേക്ക് ചെയ്യുന്നതിന്റെ വക്കോളമെത്തിയെങ്കിലും മുള്ളര്‍ ശക്തമായി തിരിച്ചു വന്ന് സെര്‍വ് നിലനിര്‍ത്തി മുന്നേറി. 20-ാം ഗെയിമില്‍ മുള്ളര്‍ മാച്ച് പോയിന്റിലെത്തിയെങ്കിലും ശക്തമായി തിരിച്ചടിച്ച നദാല്‍ സര്‍വ് നിലനിര്‍ത്തിയതോടെ സ്കോര്‍ 10-10 എന്ന നിലയിലായി.
26 ഗെയിം പിന്നിട്ടപ്പോള്‍ സ്കോര്‍ 13-13 എന്ന നിലയിലെത്തി. 27-ാം ഗെയിമില്‍ മുള്ളര്‍ സെര്‍വ് നിലനിര്‍ത്തിയപ്പോള്‍ സ്കോര്‍ 14-13ലെത്തി. എന്നാല്‍ അടുത്ത ഗെയിമില്‍ നദാലിന് പിഴച്ചപ്പോള്‍ 40-15ന് മുള്ളര്‍ മുമ്പിലെത്തി. വിജയത്തിന് ഒരു വിന്നര്‍ അകലെ നില്ക്കുമ്പോള് നദാലിന്റെ ഷോട്ട് നേരെ പതിച്ചത് കോര്‍ട്ടിനു വെളിയില്‍ നിന്ന മുള്ളറുടെ കാല്ചുവട്ടില്. ഒരു നിമിഷം ഇത് സത്യമോ മിഥ്യയോ എന്ന് വിശ്വസിക്കാനാതെ മുള്ളര്‍ നിന്നു. രണ്ടു വട്ടം ഇവിടെ കിരീടം ചൂടിയിട്ടുള്ള നദാലിന് 2011ന് ശേഷം നാലാം റൗണ്ട് കടക്കാനായിട്ടില്ല.
റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച, മിലോസ് റാവോണിക്, തോമസ്് ബെര്‍ഡിച്ച്, ആന്‍ഡി മുറെ, സാം ക്വറീ, മാരിന് സിലിക് എന്നിവരാണ് ക്വാര്‍ട്ടറില്‍ കടന്ന മറ്റു താരങ്ങള്‍. എട്ടാം വിംബിള്‍ഡന്‍ കിരീടം ലക്ഷ്യമിടുന്ന സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ‘’ബേബി ഫെഡറര്‍’’ എന്നറിയപ്പെടുന്ന ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് അവസാന എട്ടില്‍ ഇടം പിടിച്ചത്.
6-4,6-2,6-4 എന്ന സ്കോറിനായിരുന്നു ഫെഡററിന്റെ വിജയം. ഫ്രഞ്ചു താരം അഡ്രിയാന്‍ മന്നാറിനോയെ 6-2,7-6,6-4 എന്ന സ്കോറിന് തകര്‍ത്താണ് നാലാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിടുന്ന ജോക്കോവിച്ചിന്റെ വിജയം. സ്പാനിഷ് താരം റോബര്‍ട്ടോ ബൗട്ടിസ്റ്റ് അഗോട്ടിനെ 6-2,6-2,6-2 എന്ന സ്കോറിന് തകര്‍ത്താണ് ക്രൊയേഷ്യയുടെ ലോക ആറാം നമ്പര്‍ മാരിന് സിലിക്ക് ക്വാര്‍ട്ടറിലെത്തിയത്. ഫ്രഞ്ചു താരം ബെനോ പെയറിനെ 7-6,6-4,6-4 എന്ന സ്കോറിന് തോല്‍പ്പിച്ചായിരുന്നു ലോക ഒന്നാം നമ്പര്‍ ആന്‍ഡി മുറെയുടെ ക്വാര്‍ട്ടര്‍ പ്രവേശം.
അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടങ്ങളില്‍ വിജയിച്ചാണ് അമേരിക്കയുടെ സാം ക്വറി, ചെക്ക് താരം തോമസ് ബെര്‍ഡിച്ച്, കനേഡിയന്‍ താരം മിലോസ് റോണിക് എന്നിവര്‍ അവസാന എട്ടില്‍ ഇടം പിടിച്ചത്. ജര്‍മന്‍ സെന്സേഷന് അലക്സാണ്ടര്‍ സ്വരേവിനെതിരേ റാവോണിക് 4-6, 7-5, 4-6, 7-5, 6-1 എന്ന സ്കോറിന് വിജയിച്ചപ്പോള്‍ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ 6-3,6-7,6-3,3-6,6-3 എന്ന സ്കോറിന് തകര്‍ത്താണ് ബെര്‍ഡിച്ച് അവസാന എട്ടിലെത്തിയത്.
ദക്ഷിണാഫ്രിക്കന്‍ താരം കെവിന് ആന്‍ഡേഴ്സനെതിരേ 5-7,7-6,6-3,6-7,6-3 എന്ന സ്കോറിനായിരുന്നു സാം ക്വറിയുടെ വിജയം. ക്വാര്‍ട്ടറില്‍ ഫെഡറര്‍ റാവോണികിനെ നേരിടുമ്പോള്‍ സാം ക്വറിയാണ് മുറെയുടെ എതിരാളി. ജൈല്‍സ് മുള്ളര്‍ മാരിന് സിലിക്കിനെയും ജോക്കോവിച്ച് ബെര്ഡിച്ചിനെയും നേരിടും.
വനിതാ വിഭാഗത്തില്‍ സ്പാനിഷ് താരം ഗാര്ബിന് മുഗുരുസയും അമേരിക്കന്‍ താരം വീനസ് വില്യംസും സെമിയില്‍ കടന്നു. റഷ്യയുടെ സ്വറ്റ്ലാന കുസ്്നെറ്റ്സോവയെ 6-4,6-4 എന്ന സ്കോറിന് തോല്‍പ്പിച്ചായിരുന്നു മുഗുരുസയുടെ സെമി പ്രവേശം. ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ യെലേന ഓസ്റ്റപെങ്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് ആറുവട്ടം വിംബിള്‍ഡന്‍ ചാമ്പ്യനായിട്ടുള്ള വീനസിന്റെ സെമി പ്രവേശം. 6-3,7-5 എന്ന സ്കോറിനാണ് വീനസ് ലാത്വിയന്‍ താരത്തെ കെട്ടു കെട്ടിച്ചത്.
വിംബിൾഡൺ വനിതകളിൽ 23 വർഷങ്ങൾക്കുശേഷം സെമിയിലെത്തുന്ന ഏറ്റവും പ്രായമുള്ള താരമെന്ന നേട്ടം വീനസ് സ്വന്തമാക്കി. 1994ൽ മാർട്ടിന നവരത്ലോവയയ്ക്കുശേഷം സെമിയിലെത്തുന്ന പ്രായമുള്ള ഒരു വനിതാരമായി അഞ്ചു തവണ ചാന്പ്യനമായ വീനസ് മാറി. മിക്സഡ്് ഡബിള്‍സില്‍ സാനിയ മിര്‍സ-ഇവാന് ഡോഡിഗ് സഖ്യവും ഫ്രഞ്ച് ഓപ്പണ്‍ ജേതാക്കളായ രോഹന് ബൊപ്പണ്ണ-ഗബ്രിയേല ഡബ്രോവ്സ്കി സഖ്യവും പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്