മാന്നാർ:ഹരിപ്പാട് മണ്ഡലത്തിലെ അഞ്ചുപഞ്ചായത്തുകളിലേക്കും ഹരിപ്പാട് ടൗണിലേക്കും ശുദ്ധജലമെത്തിക്കുവാൻ വേണ്ടി മാന്നാറിലെ മുല്ലശേരി കടവിൽ ജലസംഭരണി നിർമിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്തിറങ്ങി.
മാന്നറിൽ അതി രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കെ മാന്നാറിലെ വെള്ളം മറ്റിടങ്ങളിലേക്കു കൊണ്ടുപോകുന്നതിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്.
ഹരിപ്പാട് മണ്ഡലത്തിൽ തന്നെ വിവിധ സ്ഥലങ്ങളിൽ സംഭരണി നിർമിക്കാമെന്നിരിക്കെ മാന്നാറിൽ നിർമിക്കുന്നതിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയായിലും പ്രതിഷേധങ്ങൾ ഉയർന്നുകഴിഞ്ഞു.
ഇവിടെ നിന്നും ശേഖരിക്കുന്ന വെള്ളം പള്ളിപ്പാടുള്ള ശുചീകരണ ശാലയിൽ എത്തിച്ചാണ് ഹരിപ്പാട്ടേക്ക് കൊണ്ടുപോകുന്നത്. പള്ളിപ്പാട്ടുള്ള ജലശുചീകരണ ശാലയുടെ നിർമാണം പൂർത്തിയായ ശേഷമാണ് മുല്ലശേരിക്കടവിൽ സംഭരണിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കഴിഞ്ഞ ഒരു വർഷം മുന്പുതന്നെ ഇതിന്റ പ്രഥമിക പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. അന്ന് സിപിഎം ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ എതിർപ്പുകളുമായി രംഗത്തെത്തി. എന്നാൽ മാന്നാർ ഗ്രാമപഞ്ചായത്തിൽ സർവകകക്ഷി യോഗം വിളിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കിയിരുന്നു.
എല്ലാ രാഷ്ട്രീയ പാർട്ടികളെ കൊണ്ടും മുല്ലശേരിക്കടവിൽ ജലസംഭരണി നിർമിക്കുന്നതിൽ എതിർപ്പില്ലെന്ന തരത്തിൽ തീരുമാനം എടുപ്പിക്കുവാൻ ബന്ധപ്പെട്ടവർക്കു കഴിഞ്ഞിരുന്നുു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മുല്ലശേരി പ്രദേശത്ത് ഇത്തരത്തിലുള്ള പദ്ധതി വന്നാൽ ഇവിടുത്തുകാർക്കുള്ള കുടിവെള്ളം പോലും ഇല്ലാതാകുന്ന സ്ഥിതിയാണ്.
കിണറുകളിലെ വെള്ളത്തിന്റ സ്രോതസ് കുറയുകയും കടുത്ത കുടിവെള്ള ക്ഷാമം ഉണ്ടാകുകയും ചെയ്യും. കൂടാതെ നിരവധി കുടുംബങ്ങൾ തുണി കഴുകാനും കുളിക്കാനും മറ്റുമായി ഉപയോഗിക്കുന്ന കടവ് ഈ പദ്ധതിയുടെ വരവോടെ ഇല്ലാതാകും. ഇതും നാട്ടുകാർക്ക് ഏറെ ദോഷമായി മാറുമെന്നാണ് ആരോപണം.
ചരിത്ര പ്രധാന്യമുള്ള മുല്ലശേരിക്കടവിൽ അഞ്ചുക്ഷേത്രങ്ങളിലെ ആറാട്ട് നടക്കുന്ന സ്ഥലമാണ്. ഈ പദ്ധതി വരുന്നതോടെ ആറാട്ടിനു പുതിയ കടവ് കണ്ടെത്തേണ്ടി വരും. പദ്ധതി സ്ഥലത്തിനു തൊട്ടു താഴെയാണ് മറ്റൊരു ജലസംഭരണി ഉള്ളത്.
ജപ്പാൻ കുടി വെള്ള പദ്ധതിക്കായി വെള്ളമെത്തിക്കാൻ വേണ്ടി കൂറ്റൻ സംഭരണിയാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. ഈ പദ്ധതി വന്നതോടെ നദിയിൽ നീരൊഴുക്ക് കുറഞ്ഞ് വെള്ളമില്ലാത്ത അവസ്ഥയാണ്. ഇതിന്റെ കൂടെ അടുത്തടുത്തു രണ്ടുപദ്ധതികൾ വരുന്നതോടെ നദിയെ തന്നെ ഇത് ബാധിക്കും.
രാഷ്ട്രീയ പാർട്ടികൾ പദ്ധതിക്കു പച്ചക്കൊടി കാട്ടിയതോടെ നാട്ടുകാർ വിവിധ സമുദായ,സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി വരും നാളുകളിൽ രംഗത്തിറങ്ങും.