എം.സുരേഷ്ബാബു.
തിരുവനന്തപുരം: കോർപറേഷൻ ഒാഫീസ് വളപ്പിലെ മൾട്ടിലെവൽ പാർക്കിംഗ് സെന്റർ ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവർഷത്തിന് ശേഷം പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നു.ഫയർഫോഴ്സിന്റെ ക്ലിയറൻസ് കിട്ടിയതോടെ നവംബർ ഒന്നിന് പാർക്കിംഗ് സെന്റർ തുറന്നു നൽകും.
ഒന്നരവർഷം മുൻപ് ട്രയൽ റണ്‍ നടത്തിയ ശേഷം കഴിഞ്ഞ ദിവസം വീണ്ടും ട്രയൽ റണ്‍ നടത്തി.പാർക്കിംഗ് ഫീസിന്റെ കാര്യത്തിലും വാഹനങ്ങളുടെ ഇൻഷ്വറൻസിന്റെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.
വിലകൂടിയ ആഡംബര വാഹനങ്ങൾ പാർക്ക് ചെയ്തിട്ട് പോകുന്പോൾ ഏതെങ്കിലും വിധത്തിൽ വാഹനങ്ങൾക്ക് കേട്പാടുകൾ സംഭവിക്കുകയോ മോഷണം പോകുകയോ ചെയ്താൽ വാഹന ഉടമകളുടെ നഷ്ടം നികത്തുന്നതിന് ഇൻഷ്വറൻസ് കന്പനിയുമായി ചേർന്ന് വാഹനങ്ങൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
നേരത്തെ ഇൻഷ്വറൻസ് കന്പനികളുമായി കോർപറേഷൻ അധികൃതർ ചർച്ച നടത്തിയിരുന്നെങ്കിലും ഫയർഫോഴ്സിന്റെ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്ന് കന്പനികൾ പിൻമാറിയിരുന്നു.വി.കെ.പ്രശാന്ത് മേയറായിരിക്കവെയാണ് അമൃത് പദ്ധതിയിൽപ്പെടുത്തി 83 ലക്ഷംരൂപ ചെലവിട്ട് നാല് നിലകളിലായി മൾട്ടിലെവൽ പാർക്കിംഗ് സെന്റർ സ്ഥാപിച്ചത്.
ഒന്നരവർഷം മുൻപ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചിരുന്നുവെങ്കിലും ഫയർഫോഴ്സിന്റെ ഫയർ ആന്റ് സേഫ്ടി ക്ലിയറൻസ് ലഭിക്കാത്തതോടെ പാർക്കിംഗ് സെന്റർ തുറന്ന് പ്രവർത്തിക്കാൻ സാധിച്ചില്ല.
വിഷയം പരിഹരിക്കണമെന്ന് പ്രതിപക്ഷം ഏറെ നാളായി ആവശ്യപ്പെട്ട് വരുന്നതിനിടെയാണ് ഫയർ ആന്റ് സേഫ്റ്റി സംവിധാനങ്ങൾ സ്ഥാപിച്ചതോടെ ഫയർഫോഴ്സ് ക്ലിയറൻസ് നൽകിയത്.
നാല് നിലകളിലായി 220 -ഓളം കാറുകളും ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് മൾട്ടിലെവൽ പാർക്കിംഗ് സെന്റർ പണി കഴിപ്പിച്ചത്.
ഗാന്ധിപാർക്ക്, പാളയം, ഉൾപ്പെടെയുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ ഈടാക്കുന്ന തുക മാത്രമെ പാർക്കിംഗ് ഫീസായി ഈടാക്കാൻ പാടുള്ളുവെന്നാണ് കൗണ്‍സിലർമാർ ആവശ്യപ്പെട്ടിരിക്കുന്നത്.
കോർപറേഷന്റെ അധീനതയിലുള്ള എല്ലാ പാർക്കിംഗ് സെന്ററുകളിലും ഒരേ നിരക്കായിരിക്കണമെന്നാണ് പ്രതിപക്ഷ കൗണ്‍സിലർമാർ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കോർപറേഷൻ ഓഫീസ് കോന്പൗണ്ടിൽ പണികഴിപ്പിച്ച മൾട്ടി ലെവൽ പാർക്കിംഗ് സെന്ററിൽ ജീവനക്കാരുടെ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാൻ തീരുമാനമായിട്ടുണ്ട്.
വിവിധ ആവശ്യങ്ങൾക്ക് വരുന്നവരുടെ വാഹനങ്ങളുടെ പാർക്കിംഗിനുള്ള ഫീസിന്റെ കാര്യത്തിലാണ് അന്തിമ തീരുമാനമാകാത്തത്.
കോർപറേഷൻ ഓഫീസിലും സമീപത്തെ വിവിധ സർക്കാർ ഓഫീസുകളിലും ആവശ്യങ്ങൾക്കായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്കിംഗ് ചെയ്യാൻ സ്ഥലം ഇല്ലാത്തതിനെ തുടർന്ന് പലരും റോഡ് സൈഡുകളിലാണ് പാർക്കിംഗ് ചെയ്ത് വന്നിരുന്നത്.