കണ്ണൂർ: മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഉപയോഗിച്ചുള്ള മൾട്ടിലവൽ മാർക്കറ്റിംഗ് സംഘം വീണ്ടും സംസ്ഥാനത്ത് സജീവമാകുന്നു. ത്വക്രോഗം, ഷുഗർ, പ്രഷർ, കൊളസ്ട്രോൾ,ലിവർ ഫംഗ്ഷൻ ടെസ്റ്റ്, ഗൈനക് ഉൾപ്പെടെ വിവരം അനലൈസറിലൂടെ കണ്ടെത്തി മരുന്നും കന്പനിയുടെ 45 ഓളം ഉത്പന്നങ്ങളും വിൽപന നടത്തുകയായിരുന്നു സംഘമാണ് കേരളത്തിനകത്തും പുറത്തും തട്ടിപ്പു നടത്തിയതായി വിവരം ലഭിച്ചിട്ടുള്ളത്.
ഇത്തരത്തിൽ പരിശോധന ക്യാന്പ് നടത്തുന്ന മൾട്ടിലവൽ മാർക്കറ്റിംഗ് സംഘത്തിലെ രണ്ടുപേരെ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.ലുധിയാന കേന്ദ്രമായ കേവ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ സീനിയർ മാനേജർ ബംഗളൂരു വിദ്യാരണ്യപുരത്തെ പി. രാധാകൃഷ്ണൻ (40), മൂഴിക്കര സ്വദേശഇ ടി. സ്വരൂപ് (30) എന്നിവരാണ് അറസ്റ്റിലായത്.
കന്പനിയുടെ ക്വാണ്ടം മാഗ്നെറ്റിക് റിസോർഴ്സ് അനലൈസർ എന്ന മെഷീൻ ഉപയോഗിച്ച് രോഗവിവരം കണ്ടെത്താനാകുമെന്നു ധരിപ്പിച്ച് പണം തട്ടുകയായിരുന്നു രീതിയെന്നു ഡിവൈഎസ്പി പി.പി. സദാനന്ദൻ പറഞ്ഞു.പഞ്ചാബ് ലുധിയാന ആസ്ഥാനമായ കേവ ഇൻഡസ്ട്രീസ് എന്ന സ്ഥാപനവും കുറച്ചു നാളുകളായി ജില്ലയിൽ ആളുകളെ തേടുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തട്ടിപ്പ് പുറത്തായതോടെ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഒട്ടേറെ യുവാക്കളെ പോലീസ് ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള ഇത്തരം സംഘങ്ങൾ രജിസ്ട്രേഷൻ നന്പറായി പലതും കാണിച്ചും വിശ്വസിച്ചുമാണ് ആളുകളെ കണ്ടെത്തുന്നത്. അക്ഷയകേന്ദ്രവുമായി ബന്ധപ്പെട്ടു പെരളശേരിയിൽ നടത്തിയ ക്യാന്പിൽ പങ്കെടുത്തവർ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയാണ് തട്ടിപ്പ് പുറത്താകാൻ ഇടയാക്കിയത്. കളക്ടർ കൈമാറിയ പരാതി ഡിഎംഒ പോലീസിനു നൽകുകയായിരുന്നു.
തുടർന്നു ഡിഎംഒയെ ഉൾപ്പെടുത്തി പോലീസ് രൂപീകരിച്ച ഏഴംഗ സമിതി നടത്തിയ പരിശോധനയിൽ ക്വാണ്ടം മാഗ്നെറ്റിക് റിസോഴ്സ് അനലൈസറിനു രോഗം കണ്ടെത്താനുള്ള ശാസ്ത്രീയ അടിത്തറയില്ലെന്നു ബോധ്യമായതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 250 രൂപയാണ് ക്യാന്പിൽ പങ്കെടുക്കാൻ ഈടാക്കിയിരുനനത്.മൾട്ടി ലവൽ മാർക്കറ്റിംഗ് രീതിയിൽ ചെയിൻ റഫറൽ സംവിധാനത്തിലാണ് കന്പനി പ്രവർത്തിച്ചു വരുന്നതെന്നു പോലീസ് പറഞ്ഞു.