ഇ. അനീഷ്
സിനിമാ സങ്കല്‍പ്പങ്ങള്‍ക്കൊപ്പം ആസ്വാദനകാഴ്ചകളും രീതികളും മാറുകയാണ്. സിനിമ തുടങ്ങുന്നതിനും മണിക്കൂറുകള്‍ മുന്‍പേ തിയറ്ററുകള്‍ക്ക് മുന്നില്‍ ഇടം പിടിച്ച് ഇടുങ്ങിയ ടിക്കറ്റ് കൗണ്ടറിന് ഉള്ളിലുടെ ടിക്കറ്റ് തീരരുതേ എന്ന പ്രാര്‍ഥനയോടെ നിന്ന നാളുകള്‍…കോളജും സ്കൂളും കട്ട് ചെയ്ത് ടിക്കറ്റ് കിട്ടാതെ മടങ്ങുന്ന അവസ്ഥ…
ആ കാഴ്ച മാറികൊണ്ടിരിക്കുകയാണെന്ന് നിസംശയം പറയാം. തിയറ്ററുകള്‍ പൂര്‍ണമായും മാറി. സംസ്ഥാനത്തെ പ്രധാന റിലീസ് സെന്ററുകളില്‍ പകുതിയിലധികവും മള്‍ട്ടി പ്ലക്സുകളായി മാറി. മള്‍ട്ടി പ്ലക്സ് യുഗത്തിലേക്ക് മലയാളികള്‍ മാറിയതോടെ തിരക്ക് ‘ഓണ്‍ ലൈനായി’.
ഒരു തിയറ്റര്‍ ഇല്ലെങ്കില്‍ മറ്റൊരു തിയറ്ററില്‍ ടിക്കറ്റ് കിട്ടുമെന്ന് ഉറപ്പായി. ഒരുഷോ ഇല്ലെങ്കില്‍ അഞ്ചുമിനിട്ടുവൈകി മറ്റൊരു ഷോ.. സൂപ്പര്‍ താരചിത്രങ്ങള്‍ക്ക് ഒരു ദിവസം 25-ലധികം ഷോ വരെ കിട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയതോടെ മള്‍ട്ടി പ്ലക്സുകളുടെ സ്റ്റാന്‍ഡേര്‍ഡിലേക്ക് സിനിമാ ആസ്വാദകരും മാറി.
വലിയ സിനിമാ കൊട്ടകകളില്‍ നിന്നും ആരവം മള്‍ട്ടി പ്ലക്സിലെ എണ്ണം പറഞ്ഞ സീറ്റുകളിലേക്ക് മാറി കഴിഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ ഒരിക്കലെങ്കിലുംവന് കപ്പാസിറ്റി തിയറ്ററില്‍ പോയി സിനിമ കാണാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടാകാം..
അത്തരം തിയറ്ററുകളെ ഇപ്പോള്‍ മിസ് ചെയ്യുന്നുവെങ്കിലും സിനിമയെ മിസ് ചെയ്യുന്നില്ല എന്നതാണ് കാര്യം. സമീപകാലത്തായി ഇറങ്ങിയ സിനിമകള്‍ നോക്കുക. അത് റിലീസ് ചെയ്ത രീതിയും നോക്കുക. അപ്പോള്‍ മനസിലാകും മലയാള സിനിമയിലെ മാറ്റം.
ഫാന്‍സുകാര്‍ ആദ്യ ദിനങ്ങളില്‍ തീര്‍ക്കുന്ന ആവേശകാഴ്ചകള്‍ കഴിഞ്ഞാല്‍ പിന്നെ മള്‍ട്ടി ഫ്ളക്സുകളിലാണ് യഥാര്‍ഥ സിനിമാ വിജയം നടക്കുന്നത്. മൊത്തം ഒരു സൈലന്‍ഡ് മൂഡാണിവിടെ.ആവേശകൊടിയുയര്ത്താന് ഫാന്‍സുകാര്‍ പുറത്തുകാത്തുനില്ക്കില്ല എന്നതുതന്നെയാണ് വലിയ കാര്യം. കാരണം ഒരേസമയം തന്നെ നിരവധി ഷോകളാണ് ഇവിടെ അരങ്ങേറുന്നത്. എവിടെയൊക്കെ പോയി നില്ക്കും. ?
സമീപകാലത്തായി ഇറങ്ങുന്ന സുപ്പര്‍താര ചിത്രങ്ങള്‍ ടെക്നിക്കല്‍ ബ്രില്യന്‍സിന് പ്രധാന്യം കൊടുക്കുന്നതും സിനിമ ഇറങ്ങുന്ന തിയറ്ററുകളെ മുന്നില്‍ കണ്ടുകൊണ്ട്തന്നെയാണ്. പഴകിയ തിയറ്ററുകളില്‍ അതിനേക്കാള്‍ പഴകിയ സൗണ്ട് സിസ്റ്റത്തില്‍ സിനിമ കാണാന്‍ ആളുകള്‍ക്ക് താത്പര്യമില്ല.
കുടുംബ സമേതം അല്പം ചിലവ് കൂടിയാലും കാണുന്നത് ഉയര്‍ന്ന നിലവാരത്തില്‍ തന്നെയായിരിക്കണമെന്ന ചിന്തയാണ് ആസ്വാദകര്‍ക്കുള്ളത്.
അല്ലാത്തവ വീട്ടിലിരുന്ന് ഒടിടി വഴി കാണാമെന്ന നിലപാടിലാണിവര്‍. തിയറ്ററില്‍ ഒരു സിനിമ കാണുന്നതിന്റെ ടിക്കറ്റ് ചാര്‍ജുകൊണ്ട് ഒരുമാസത്തെ വരിസംഖ്യ അടച്ച് ഒടിടിയെ ആശ്രയിക്കാന്‍ അവര്‍ മടിക്കുന്നത് മള്‍ട്ടി പ്ലക്സ് നല്കുന്ന സുഖം കൊണ്ടുതന്നെയാണ്.
തിയറ്ററില്‍ ആഘോഷിക്കപ്പെടേണ്ടതും തിയറ്റര്‍ അനുഭവം അനിവാര്യവുമായ സിനിമകള്‍ കാണാന്‍ എന്തായാലും ജനം തിയറ്ററില്‍ എത്തും. തിയറ്ററിലെ കാഴ്ചാനുഭവവും ഫാന്‍സുകാരുടെ പാലാഭിഷേകവും ആര്‍പ്പുവിളികളും ഇഷ്ടപ്പെടുന്ന ജനത എവിടെയും പോയിട്ടില്ല.
പക്ഷെ അവര്‍ അത് മള്‍ട്ടിപ്ലക്സിലേക്ക് ചുരുക്കി എന്നതാണ് സത്യം. അതുകൊണ്ടുതന്നെയാണ് മള്‍ട്ടി പ്ലക്സുകള്‍ നാടൊട്ടുക്കും വളര്‍ന്നുവരുന്നത്. വൈഡ് റിലീസിന് തിയറ്റര്‍ ഉടമകളും വിതരണക്കാരും ഒരുപോലെ പച്ചക്കൊടി കാണിച്ചുകഴിഞ്ഞു.ഇതിനിടയില്‍ 50, 100 കോടി ക്ലബുകളുടെ കണക്ക് പറഞ്ഞ് ഫാന്‍സുകാര്‍ നല്കുന്ന മൈലജേും ചെറുതല്ല.
സിനിമയെ കുറിച്ച് മികച്ച അഭിപ്രായം വന്നാല്‍ നേരെ തിയറ്ററിലേക്ക് ഓടുന്ന പതിവ് നിര്‍ത്തി ഓണ്‍ ലൈന്‍ ബുക്കിംഗ് സ്ളോട്ട് തിരയുന്ന മലയാളിയാണ് ഇപ്പോഴത്തെ പ്രധാന സിനിമാ കാഴ്ച. കോഴിക്കോട് സിനിമാ ആസ്വാദകര്‍ക്ക് വലിയ ‘താത്പര്യ’ മില്ലാതിരുന്ന കോര്‍ണേഷന്‍ തിയറ്റര്‍ ഇപ്പോള്‍ പൂര്‍ണമായും പൊളിച്ചു നീക്കി കഴിഞ്ഞു.
മൂന്നു നിലകളായിട്ടാണ് ഇവിടെ മൾട്ടി പ്ലക്സ് ഒരുങ്ങുന്നത്. ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള രാധാ തിയറ്ററും സമീപകാലത്തായി നവീകരിച്ചു. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാതെ തിയറ്ററുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നതാണ് സത്യം.