കോവിഡ് -19 എന്ന മഹാമാരി പുതിയ ഒരുപാടു വെല്ലുവിളികൾ നിറഞ്ഞൊരു പുതുലോകം സൃഷ്ടിച്ചിരിക്കുകയാണ്. കുട്ടികൾക്ക് താരതമ്യേനെ ലഘുവായ രോഗലക്ഷണങ്ങളോ, ലക്ഷണങ്ങളുടെ അഭാവത്തിലോ കോവിഡ് വന്നു പോകുന്നു എന്നാണ് പൊതുവെയുള്ള ധാരണ.
എന്നാൽ ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ, രാജ്യമൊട്ടാകെയുള്ള പീഡിയാട്രിഷ്യൻമാർ ഒരു പുതിയ രോഗത്തെ അഭിമുഖീകരിക്കുന്നു, കോവിഡ് വൈറസുകളോട് കുട്ടികളുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനങ്ങൾ പ്രതികരിക്കുന്നതു മൂലം. Pediatric multi system inflammatory syndro me(PIMS) അഥവാ Multisystem Inflammatory Disorder in Children(MISC) എന്നിതിനെ വിളിക്കാം.
ഏഴു വയസിനു താഴെയുള്ളവരിലും
കോവിഡിൽ നിന്നു രോഗവിമുക്തരായവർക്കോ കോവിഡ് ബാധിതരായ അതെ സമയത്തു തന്നെയോ ഈ രോഗാവസ്ഥ വന്നു ചേരാം. തീവ്രമായ പനിയും, ശരീരത്തിലെ പല അവയവങ്ങളും ദ്രുതഗതിയിൽ പ്രവർത്തനരഹിതമാകുന്നതുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
കോവിഡ് ബാധിച്ച സമയം കുട്ടിക്ക് ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതിനാൽ പലപ്പോഴും കോവിഡ് ടെസ്റ്റ് നടത്തിക്കാണുകയുമില്ല. ഏതു പ്രായത്തിലുള്ള കുട്ടികളെ വേണമെങ്കിലും ഈ രോഗം ബാധിക്കാമെങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ 7 വയസിനു മുകളിൽ പ്രായമുള്ളവരെയാണ് കൂടുതലായി ബാധിക്കപ്പെട്ടതായി കണ്ടത്.
ഇന്ത്യയിൽ കൊൽക്കത്തയിലും മറ്റു സ്ഥലങ്ങളിലും നിന്നുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അതിലും ചെറുപ്രായത്തിലുള്ള കുട്ടികളും ബാധിക്കപ്പെടുന്നതായാണ്.
ലക്ഷണങ്ങൾ, അനാരോഗ്യം - അവഗണിക്കരുത്
താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ നിങ്ങളുടെ കുട്ടികളെ അടുത്തുള്ള പീഡിയാട്രിഷ്യനെ കാണിക്കേണ്ടതാണ്:
* ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ശക്തമായപനി
*വയറിളക്കം, ഛർദി, തൊലിപ്പുറത്തു പുതുതായി പാടുകൾ ഉണ്ടാവുക * കണ്ണിനു ചുവപ്പ് * കഴലകളുടെ വീക്കം
* മൂത്രത്തിന്റെ അളവിൽ കുറവ്, നീർവീഴ്ച * ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്ര ക്ഷീണം
* ചുഴലി, അബോധാവസ്ഥ
പരിശോധനകൾക്കുശേഷം നിങ്ങളുടെ ഡോക്ടർ കുട്ടിയെ അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടേക്കാം. കുട്ടിയുടെ അവസ്ഥ മോശമെങ്കിൽ ഒരു പക്ഷെ ICUവിൽ അഡ്മിറ്റ് ചെയ്യുകയും മരുന്നുകളും മറ്റും ഇൻജെക്ഷൻ ആയി കൊടുക്കേണ്ടതായും വന്നേക്കാം.
ചില കുട്ടികൾക്ക് താത്കാലികമായി വെന്റിലേറ്ററിന്റെ ആവശ്യകതയും വേണ്ടിവരാം. കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന മറ്റ് അണുബാധകളിൽ നിന്നു തിരിച്ചറിയുവാൻ ബുദ്ധിമുട്ടുണ്ടെങ്കിലും, സംസ്ഥാനത്തുള്ള എല്ലാ പീഡിയാട്രിഷ്യൻമാരും ഈ അവസരത്തിൽ MISCന്റെ സാധ്യതയെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്.
ഒട്ടനവധി ടെസ്റ്റുകളുടെ ആവശ്യകതയുണ്ട് MISC ആണെന്നു സ്ഥാപിക്കുവാൻ. MISCന്റെ സാധ്യത ശക്തമായി സംശയിക്കുന്ന അവസരങ്ങളിൽ, Immuno modulatory therapy’ആവശ്യമായി വന്നേക്കാം. തുടക്കത്തിൽ തന്നെ ചികിത്സിക്കുന്ന പക്ഷം, പൂർണമായും സുഖപ്പെടുത്താവുന്നൊരു രോഗമാണ് MISC.
ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ?
കോവിഡ് ആന്റിജൻ അല്ലെങ്കിൽ RT PCR പോസിറ്റീവ് ആകാത്ത പക്ഷം ഈ കുട്ടികൾ വഴി കോവിഡ് മറ്റുള്ളവരിലേക്ക് പകരുന്നതല്ല. മുൻപ് വന്നു പോയ കോവിഡിനോടുള്ള ശരീരത്തിന്റെ പ്രധിരോധ പ്രവർത്തനത്തിന്റെ ഫലമായിത്തന്നെ കോവിഡ് ആന്റിജൻ/RT PCR എന്നിവ ഇവരിൽ ഭൂരിഭാഗം പേരിലും നെഗറ്റീവ് ആയിരിക്കും.
ആന്റിബോഡി ടെസ്റ്റ് വഴി മാത്രമേ രോഗം സ്ഥിരീകരിക്കാൻ സാധ്യമാവൂ. MISC വരുന്ന മൂന്നിലൊന്നു കുട്ടികളിലും ‘Kawasaki Disease’ എന്ന മറ്റൊരു രോഗത്തിന്റെ ലക്ഷണങ്ങളായിരിക്കും കാണുക. ഹൃദയത്തിലേക്കു രക്തം എത്തിക്കുന്ന രക്തധമനികൾക്ക് നീർവീക്കം ബാധിക്കുന്നൊരുതരം രോഗമാണിത്.
MISC ബാധിക്കുന്ന ബഹുഭൂരിപക്ഷം കുട്ടികളിലും രോഗം പൂർണമായി മാറുമെങ്കിലും, ചെറിയൊരു പക്ഷം കുട്ടികളിൽ ഭാവിയിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്കിതു കാരണമാവും.ആദ്യത്തെ അപായമണി ഏപ്രിലിൽ ബ്രിട്ടണിലാണ് മുഴങ്ങിയതെങ്കിലും, ലോകത്തിന്റെ നാനാഭാഗത്തും പിന്നീടിതു കേട്ടു തുടങ്ങി.
ഇന്ത്യയിൽ ചെന്നൈ, കൊൽക്കത്ത, ബാംഗളുരു, മുംബൈ തുടങ്ങി രാജ്യത്തിന്റെ പല കോണുകളിൽ നിന്നും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് 2020 ൽ ‘Pediatric Rheumatology Society of India’യും ‘Indian Academy of Pediatrics’ഉം സംയുക്തമായി ഈ പുതിയ രോഗവസ്ഥയെപ്പറ്റി രാജ്യമോട്ടാകെയുള്ള പീഡിയാട്രിഷ്യന്മാരോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടു.
കേരളം കോവിഡ് പാരമ്യതയിൽ നിക്കുന്ന ഈ അവസരത്തിൽ, അടുത്ത ഏതാനും ആഴ്ചകളിലായി MISC രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയ്ക്കുള്ള സാധ്യത നാം തിരിച്ചറിയേണ്ടിയിരിക്കുന്നു, ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ കുട്ടിക്ക് വരുന്ന പനിയോ, അനാരോഗ്യമോ അവഗണിക്കാതെ അടുത്തുള്ള പീഡിയാട്രിഷ്യനെ വിദഗ്ധാഭിപ്രായത്തിനായി സമീപിക്കുക.
വിവരങ്ങൾ: ഡോ. സുമ ബാലൻ
കൺസൾട്ടന്റ് പീഡിയാട്രീഷൻ
അമൃത ആശുപത്രി,കൊച്ചി.