സ്വന്തം ലേഖകൻ
കോഴിക്കോട്: മൾട്ടിപ്ലക്സുകളിൽ ഭക്ഷണത്തിന് അമിതചാർജ് ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മന്ത്രിയുടെ വാക്കിന് പുല്ലുവില. ഭക്ഷണത്തിന് അമിത ചാർജ് ഈടാക്കുന്ന മൾട്ടിപ്ലക്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ നവംബറിലാണ് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിയമസഭയിൽ അറിയിച്ചത്. എന്നാൽ മാസം അഞ്ച് കഴിഞ്ഞിട്ടും ഇതിൽ യാതൊരു നടപടിയുമായിട്ടില്ല.
മലബാറിലെ അഞ്ച് മൾട്ടിപ്ലക്സ് തിയറ്ററുകൾ ഭക്ഷണത്തിന് അമിതചാർജ് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അന്ന് മന്ത്രി നിയമസഭയെ ധരിപ്പിച്ചിരുന്നു. ഇത് പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. തിയറ്റർ കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന സ്നാക്സ് ഷോപ്പുകൾ, കഫറ്റീരിയ, കോഫി ഷോപ്പ് എന്നിവിടങ്ങളിലാണ് ഭക്ഷണത്തിനും മറ്റും അമിത ചാർജ് ഈടാക്കുന്നത്. എന്നാൽ നാളിതുവരെ മൾട്ടിപ്ലക്സ് തിയറ്ററുകളുടെ തീവെട്ടിക്കൊള്ളയ്ക്ക് അറുതിവരുത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
ഒരു ചായയ്ക്ക് 20 മുതൽ 50 രൂപ വരെയാണ് മൾട്ടിപ്ലക്സ് തിയറ്ററുകളിൽ ഈടാക്കാറുള്ളത്. സ്നാക്സിന് 30 രൂപ മുതൽ മുകളിലേക്കും. ഇത്തരത്തിൽ ഭക്ഷണം വിൽക്കാൻ യാതൊരു അനുമതിയുമില്ലാതെയാണ് ഇവർ ഇരട്ടിയിലധികം വില ഈടാക്കി ചായ അടക്കം വിൽക്കുന്നത്.ആധുനിക സൗകര്യങ്ങൾ നൽകുന്നു എന്ന പേരിൽ മൾട്ടി പ്ലക്സുകൾ ഉയർന്ന നിരക്കിൽ ടിക്കറ്റ് വിൽക്കുന്നതിനുപുറമെയാണ് ഭക്ഷണത്തിനും അമിത ചാർജ് ഈടാക്കുന്നത്. ആധുനിക സജ്ജീകരണങ്ങളുടെ പേരിൽ സാധാരണ തിയറ്ററുകളേക്കാൾ ഇരട്ടിയിലധികം രൂപയാണ് ടിക്കറ്റിന് മൾട്ടിപ്ലെക്സുകളിൽ ഈടാക്കി വരുന്നത്. 230 രൂപയ്ക്ക് മുകളിലാണ് ഇത്തരം തിയറ്ററുകളിലെ ടിക്കറ്റ് നിരക്ക്.
ഞായറാഴ്ചകളിലും തിരക്ക് കൂടുതലുള്ള ദിവസങ്ങളിലും റിലീസ് ദിവസങ്ങളിലും തിയറ്ററുകാർ അവർക്ക് തോന്നിയപോലെ ടിക്കറ്റ് നിരക്ക് ഉയർത്തുകയും ചെയ്യും. മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന കരിഞ്ചന്തക്കാരെ വെല്ലുന്ന കൊള്ളയാണ് തിയറ്റർ അധികൃതർ നടത്തുന്നതെന്ന് വ്യാപക പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. മൾട്ടിപ്ലക്സ് എന്ന പേരുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മൾട്ടിപ്ലക്സ് തിയറ്ററുകളിലുള്ള യാതൊരു സൗകര്യങ്ങളും കോഴിക്കോട്ട് ഉൾപ്പെടെ പ്രവർത്തിക്കുന്ന തിയറ്ററുകളില്ല.
ഇരിക്കുന്ന സീറ്റ് പോലും ശരിയല്ലെന്ന് പ്രേക്ഷകർ കുറ്റപ്പെടുത്തുന്നു. ഇതിലും സൗകര്യങ്ങൾ കോഴിക്കോട്ടെ സർക്കാർ തിയറ്ററുകളിൽ പോലുമുണ്ട്. പക്ഷെ ടിക്കറ്റ് നിരക്കിലും ഭക്ഷണക്കാര്യത്തിലും യാതൊരു ഇളവും ഇവിടെയില്ലെന്ന് മാത്രം. മുപ്പത് ശതമാനം മുതൽ അന്പത് ശതമാനം വരെ അമിത വിലയാണ് ഇത്തരം കേന്ദ്രങ്ങളിൽ ഭക്ഷണ പദാർഥങ്ങൾക്ക് ഈടാക്കുന്നത്.
കാലങ്ങളായി ഈ കൊള്ള നടന്നുവരികയുമാണ്. തിയറ്ററുകളിൽ എത്തുന്ന ആരും ഇതിനെതിരെ കാര്യമായ പ്രതിഷേധം ഉയർത്തിയിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇക്കാര്യങ്ങൾ വലിയ ചർച്ചയായിരുന്നു. മൾട്ടിപ്ലക്സിൽ സിനിമയ്ക്ക് വരുന്പോൾ കുടിവെള്ളം പോലും കരുതാൻ പാടില്ല. ഇക്കാര്യത്തിൽ തിയറ്ററിലേക്ക് കയറുന്നതിന് മുന്പ് കൃത്യമായ പരിശോധനകൾ നടക്കും. കുട്ടികളെയും കൊണ്ടുവരുന്നവർ പാൽക്കുപ്പി കൊണ്ടുവരുന്നത് പോലും ഇവർ തടയാറാണ് പതിവ്. മാളിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിൽനിന്നുള്ള ഭക്ഷണംപോലും തിയറ്ററിലേക്ക് കയറ്റാൻ അനുവദിക്കില്ല.
മൾട്ടിപ്ലക്സിനോട് അനുബന്ധിച്ചുള്ള സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷണവും വെള്ളവും വാങ്ങണമെന്ന കാര്യം നിർബന്ധമാണ്. ഇവിടെയാവട്ടെ കഴുത്തറപ്പൻ ചാർജാണ് ഈടാക്കുന്നത്. 40 രൂപയ്ക്ക് കിട്ടുന്ന പോപ്പ്കോണിന് ഇവിടെ 80 മുതൽ 100 രൂപ വരെയാണ് വില ഈടാക്കുന്നത്. ബിരിയാണിക്കും ചായയ്ക്കുമെല്ലാം ഇരട്ടിയിലധികമാണ് വില. മറ്റു മാർഗങ്ങളൊന്നുമില്ലാത്തതുകൊണ്ട് ഈ വില കൊടുത്ത് സാധനങ്ങൾ വാങ്ങാൻ പ്രേക്ഷകർ നിർബന്ധിതരായിത്തീരുകയാണ്.
നേരത്തെ കൊച്ചിയിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ ഭക്ഷണ പാനീയങ്ങൾക്ക് അമിത വില ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ലീഗർ മെട്രോളജി വകുപ്പ് പരിശോധന നടത്തിയിരുന്നു. മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇവിടെ വിൽപ്പന നടത്തുന്നതെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. വലിയ വില ഈടാക്കുന്നതിന് പുറമെ കൃത്യമായ അളവിൽ വിഭവങ്ങൾ നൽകുന്നില്ലെന്നും അന്ന് വ്യക്തമായിരുന്നു. ഇത്തരം നടപടികൾ തുടർന്നാൽ സ്ഥാപനത്തിന്റെ ലൈസൻസ് തന്നെ റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ലീഗൽ മെട്രോളജി വകുപ്പ് വ്യക്തമാക്കിയിരുന്നു.