ഭക്ഷണപ്രിയരാണ് നമ്മിൽ മിക്കവരും. രുചികരമായ ഭക്ഷണം മുന്നിൽ കിട്ടിയാൽ വിടില്ല.
മൂക്കുമുട്ടെ തിന്നുകയാണ് അടുത്ത പരിപാടി. ഭക്ഷണം രുചികരം മാത്രമല്ല, കാണാൻ ആകർഷകമാണെങ്കിൽ പിന്നെ പറയുകയേവേണ്ട,ആരായാലും കഴിച്ചുപോകും.
വിഭവങ്ങൾ കണ്ണുകളെ മാടിവിളിക്കുന്ന വിധം അതിമനോഹരമാക്കുന്നത് ഒരു ഹരമായി ഏറ്റെടുത്തിരിക്കുകയാണ് ബൽജിയംകാരിയായ ഒരു വീട്ടമ്മ. ഇനി അവരുടെ ഭക്ഷണലോകത്തേക്ക്.
തന്റെ ഭക്ഷണ പരീക്ഷണങ്ങൾ പങ്കുവയ്ക്കാനായി രണ്ടുമക്കളുടെ അമ്മയായ ജൊലാന്റ സ്റ്റോക്കർമാൻ കഴിഞ്ഞവർഷമാണ് “ഡി മീൽ പ്രിപ്പെർ’ എന്ന വെബ്സൈറ്റ് ആരംഭിച്ചത്. കുറേയേറെ വിഭവങ്ങൾ തയാറാക്കുന്ന വിധം വെബ്സൈററിൽ നൽകുകയുംചെയ്തു.
കാര്യമായ പ്രതികരണങ്ങൾ ഒന്നും ഉണ്ടായില്ല. സാധാരണപോലെ ഒരു വെബ്സൈറ്റ് എന്നതിൽ കവിഞ്ഞ് മറ്റൊന്നും സംഭവിച്ചില്ല. എന്നാൽ ഇപ്പോൾ ഇവർ വൈറൽ ആണ്.
ഉണ്ടാക്കുന്ന ഭക്ഷണം വളരെ വ്യത്യസ്തമാകണം എന്ന ആഗ്രഹമാണ് അവരെ ഇന്റർനെറ്റിന്റെ പ്രിയങ്കരിയാക്കിയത്. ഇതിനായി ഓരോ വിഭവവും മനോഹരമായ കലാസൃഷ്ടിയാക്കുകയാണ് അവർ ചെയ്തത്.
മൃഗങ്ങൾ, പക്ഷികൾ, പച്ചക്കറി, പൂക്കൾ എന്നിങ്ങനെ കാണാൻ ആകർഷകമായ എല്ലാം അവർ പ്ലേറ്റിൽ നിർമിച്ചുതുടങ്ങി. ഇവയെല്ലാം മക്കളുടെ നിർബന്ധത്തിനു വഴങ്ങി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ സംഗതി മാറി.
ഇന്ന് ഭക്ഷണപ്രിയരുടെ ലോകത്തെ ഹീറോയിനാണ് ജൊലാന്റ സ്റ്റോക്കർമാൻ.രണ്ടുമുതൽ നാലുമണിക്കൂർ വരെയാണ് സ്റ്റോക്കർമാൻ ഒരു വിഭവം തയാറാക്കാൻ എടുക്കുന്ന സമയം.
നൂഡിൽസും ധാന്യങ്ങളും പച്ചക്കറി അരിഞ്ഞതും അനുവദനീയമായ കളറുകളും സോസും മറ്റും ഉപയോഗിച്ചാണ് പുതിയ പരീക്ഷണം.
ഏതായാലും സംഗതി ക്ളിക്കായി. നിരവധി പേരാണ് ഇപ്പോൾ “ആർട്ട് ഫുഡി’ന്റെ ആവശ്യക്കാരായി ഇവരെ സമീപിച്ചുകൊണ്ടിരിക്കുന്നത്.