മുംബൈ: അപ്രതീക്ഷിതമായി അനുഭവപ്പെട്ട കനത്ത മഴയിലും പൊടിക്കാറ്റിലും വാണിജ്യനഗരമായ മുംബൈ നട്ടംതിരിഞ്ഞു. നഗരത്തിലെ ഘാട്ട്കോപ്പർ, ചെദ്ദനഗറിൽ നൂറ് അടി ഉയരത്തിലുള്ള പരസ്യബോർഡ് സമീപത്തെ പെട്രോൾപന്പിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു.
60 പേർക്കു പരിക്കേറ്റു. നൂറോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് അനുമാനം. 62 പേരെയാണ് ഇന്നലെ രാത്രിയോടെ പുറത്തെത്തിച്ചത്. കോർപറേഷന്റെ അനുമതിയില്ലാതെ സ്ഥാപിച്ചതാണ് ബോർഡെന്ന് ബിഎംസി അധികൃതർ പറഞ്ഞു. ഇന്നലെ രാത്രിയും രക്ഷാപ്രവർത്തനം തുടരുകയാണ്.
മഴയെത്തുടർന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഒരു മണിക്കൂറോളം നിലച്ചു. 15 വിമാനങ്ങൾ മറ്റിടങ്ങളിലേക്കു വഴിതിരിച്ചുവിട്ടു. ലോക്കൽ ട്രെയിനുകൾ മണിക്കൂറുകളോളം താമസിച്ചതോടെ ജനം കടുത്ത ബുദ്ധിമുട്ടിലായി.
മഴയെത്തുടർന്ന് മുംബൈ നഗരത്തിൽ കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വഡാലയിൽ നിർമാണത്തിലിരുന്ന പാർക്കിംഗ് ടവർ തകർന്ന് മൂന്നുപേർക്കു പരിക്കേറ്റു. നിരവധി വാഹനങ്ങളും തകർന്നു.