മുംബൈ: സെൻട്രൽ മുംബൈയിലെ പബ്ബിൽ 14 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം വൈകുന്നതിന് സെൽഫിയും കാരണമായെന്ന് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ. മദ്യലഹരിയിലായിരുന്ന ചിലർ പുറത്തേക്കുപോകാൻ കൂട്ടാക്കാതെ കെട്ടിടത്തിനുള്ളിൽതന്നെ കിടന്നതും രക്ഷാപ്രവർത്തനത്തിന് തടസമായി. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സ്വകാര്യ സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥരായ മഹേഷ്, സഞ്ജയ് ഗിരി എന്നിവരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്.
മദ്യലഹരിയിൽ പുറത്തേക്കുള്ള വാതിലിൽ തടസം സൃഷ്ടിച്ച് തീപിടിത്തത്തിന്റെ സെൽഫിയെടുക്കാനാൻ ചിലർ ശ്രമിച്ചതാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത്. വാതിൽ അടഞ്ഞതോടെ കെട്ടിടത്തിനുള്ളിൽ അകപ്പെട്ടവരെ പുറത്തേക്ക് എത്തിക്കാൻ താമസം നേരിട്ടു. സെൽഫി ഭ്രമക്കാരെ പുറത്തേക്കു മാറ്റിയതിനു ശേഷമാണ് മറ്റുള്ളവരെ പുറത്തെത്തിച്ചത്. ഇതിൽ അമിതമായി മദ്യം കഴിച്ചവരിൽ പലരും കെട്ടിടത്തിനുള്ളിൽ തന്നെ കിടക്കുകയായിരുന്നു.
ഇവർ പുറത്തേക്കുവരാൻ കൂട്ടാക്കിയില്ല. ഇതും രക്ഷാപ്രവർത്തനത്തിന് വലിങ്ങുതടിയായെന്ന് ഇവർ പറയുന്നു. കെട്ടിടത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേർക്കും പുറത്തേക്കുള്ള വഴി അറിയില്ലായിരുന്നു. ഇവർ കുളിമുറികളിലാണ് അഭയം തേടിയത്. 150-200 പേരെ തങ്ങൾ ശരിയായ വഴി പറഞ്ഞ് കൊടുത്ത് രക്ഷിച്ചെന്ന് മഹേഷ് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെയാണ് സേനാപതി മാർഗിലെ കമല മിൽസിന്റെ ആറുനിലക്കെട്ടിടത്തിന് തീപിടിച്ചത്. അപകടത്തിൽ 21 പേർക്ക് പൊള്ളലേറ്റു. മരി ച്ചവരിൽ 11 പേർ സ്ത്രീകളാണ്. ടൈംസ് നൗ, ഇടി നൗ, ടിവി9 മറാഠി എന്നീ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളും ഹോട്ടലുകൾ അടക്കമുള്ള വ്യാപാരസ്ഥാ പനങ്ങളും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്കെ തിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. 29ാം ജന്മദിനമാഘോഷിച്ച കുഷ്ബു ബൻസാലിയും ബർ ത്ത്ഡേ പാർട്ടിയിൽ പങ്കെടു ത്ത സുഹൃത്തുക്കളും മരിച്ചവരിൽ ഉൾപ്പെടുന്നു.