മുംബൈ: ചെന്നൈയിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനു ബോംബ് ഭീഷണി. ഡൽഹിയിലെ വിമാനക്കമ്പനിയുടെ കോൾ സെന്ററിലാണ് ഇന്നലെ രാത്രി ഭീഷണി സന്ദേശം ലഭിച്ചത്. രാത്രി 10.30ഓടെ വിമാനം സുരക്ഷിതമായി മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
ചെന്നൈയിൽനിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6ഇ 5149 വിമാനത്തിനുനേരേയാണ് ബോംബ് ഭീഷണിയുണ്ടായത്. ലാൻഡ് ചെയ്തശേഷം എല്ലാ യാത്രക്കാരും പ്രോട്ടോകോൾ പാലിച്ച് സുരക്ഷിതമായി വിമാനത്തിൽനിന്ന് ഇറങ്ങി. വിമാനം പിന്നീട് ഐസൊലേഷൻ ബേയിലേക്കു മാറ്റി. പരിശോധനയിൽ സംശയാസ്പദമായി യാതൊന്നും വിമാനത്തിൽ കണ്ടെത്തിയില്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മുംബൈ, വാരണാസി, ചെന്നൈ, പട്ന, ജയ്പുർ തുടങ്ങിയ 41 വിമാനത്താവളങ്ങൾക്കെതിരേയും മുംബൈയിലെ 60 ആശുപത്രികൾക്കെതിരേയും ബോംബ് ഭീഷണിയുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ലഭിച്ച സന്ദേശങ്ങളെല്ലാം വ്യാജമാണെന്നു കണ്ടെത്തി. ഇതിനു പിന്നാലെയാണ് ഇൻഡിഗോ വിമാനത്തിനു ബോംബ് ഭീഷണി ഉണ്ടായത്.