മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്ത്. 2024 സീസണിൽ മുംബൈ ഇന്ത്യൻസിനെ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ നയിക്കും.
മുംബൈ ഇന്ത്യൻസ് ടീം വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. 10 വർഷം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്ത് അനിഷേധ്യമായി തുടർന്ന രോഹിത് യുഗം ഇതോടെ അവസാനിച്ചു.
ക്യാപ്റ്റൻ ഫന്റാസ്റ്റിക്
2013 ഐപിഎൽ സീസണിൽ ഏഴാം മത്സരം മുതലാണ് രോഹിത് ശർമ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകുന്നത്. ഓസീസ് മുൻതാരം റിക്കി പോണ്ടിംഗിൽനിന്നായിരുന്നു രോഹിത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്.
ക്യാപ്റ്റനായ ആദ്യ സീസണിൽത്തന്നെ മുംബൈയെ രോഹിത് ഐപിഎൽ ചാന്പ്യന്‍മാരാക്കി. സച്ചിൻ തെണ്ടുൽക്കറും ഹർഭജൻ സിംഗും ഷോണ്‍ പൊള്ളോക്കും ഡ്വെയ്ൻ ബ്രാവോയുമെല്ലാം നയിച്ചിട്ടും അതുവരെ മുംബൈക്ക് കിരീടം അന്യമായിരുന്നു.
2010ൽ ഫൈനലിൽ പ്രവേശിച്ചതായിരുന്നു രോഹിത് ക്യാപ്റ്റനാകുന്പോൾ ഐപിഎല്ലിൽ മുംബൈയുടെ ഏറ്റവും മികച്ച പ്രകടനം. ക്യാപ്റ്റനായുള്ള ആദ്യ സീസണിൽ ഐപിഎല്ലിനൊപ്പം ചാന്പ്യൻസ് ലീഗ് ട്വന്റി-20യിലും മുംബൈയെ കിരീടത്തിലെത്തിച്ചു. തുടർന്ന് 2015, 2017, 2019, 2020 ഐപിഎൽ കിരീടങ്ങളും രോഹിത് ക്യാപ്റ്റൻസിയിൽ മുംബൈ സ്വന്തമാക്കി.
മുംബൈ ഇന്ത്യൻസിനെ ഏറ്റവും കൂടുതൽ മത്സരത്തിൽ നയിച്ച ക്യാപ്റ്റനാണ് രോഹിത് ശർമ. 163 മത്സരങ്ങളിൽ രോഹിത് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി. സച്ചിൻ തെണ്ടുൽക്കർ (55), ഹർഭജൻ സിംഗ് (30) എന്നിവരാണ് മുംബൈയെ കൂടുതൽ തവണ നയിച്ചതിൽ രോഹിത്തിനു പിന്നിലുള്ളത്.
ആറ് കിരീടങ്ങൾ
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ (അഞ്ച്) കിരീടം നേടിയ ക്യാപ്റ്റന്മാരിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ എം.എസ്. ധോണിക്കൊപ്പമാണ് രോഹിത്. 2013 ചാന്പ്യൻസ് ലീഗ് ട്വന്റി-20 അടക്കം മുംബൈക്ക് ആകെ ആറ് കിരീടങ്ങൾ രോഹിത് സമ്മാനിച്ചു.
രോഹിതിന്റെ നേതൃത്വത്തിൽ ഐപിഎലിൽ മുംബൈ 163 കളിയിൽ 91 ജയം, 68 തോൽവി, നാല് ടൈ എന്നിങ്ങനെ പ്രകടനം കാഴ്ചവച്ചു. 2011ലാണ് രോഹിത് മുംബൈ ഇന്ത്യൻസിൽ എത്തിയത്.
എന്തുകൊണ്ട് ഹാർദിക്
ഐപിഎൽ 2024 താര ലേലത്തിനു മുന്‍പ് ഗുജറാത്ത് ടൈറ്റൻസിൽനിന്നാണ് ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് തിരികെ എത്തിച്ചത്. 2015-2021 സീസണിൽ മുംബൈക്കുവേണ്ടി കളിച്ച ഹാർദിക്, 2022, 2023 സീസണിൽ ഗുജറാത്തിന്റെ ക്യാപ്റ്റനായിരുന്നു.
2022ൽ ഗുജറാത്തിനെ ഐപിഎൽ കന്നിക്കിരീടത്തിലെത്തിച്ചു, 2023ൽ ഫൈനലിലും. ഭാവിയിലേക്കുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് പുതിയ തീരുമാനമെടുത്തതെന്ന് നായക മാറ്റത്തെക്കുറിച്ച് മുംബൈ ഇന്ത്യൻസ് ഗ്ലോബൽ ഹെഡ് ഓഫ് പെർഫോർമൻസ് മഹേല ജയവർധന പറഞ്ഞത്.
കഴിഞ്ഞ മൂന്ന് സീസണിൽ മുംബൈയുടെ പ്രകടനം മോശമായിരുന്നു. ഹർദിക് പാണ്ഡ്യ ഉൾപ്പെടെ ടീം വിട്ടതും മുംബൈയുടെ പ്രകടനം മോശമാകാൻ കാരണമായെന്നതും വാസ്തവം. 2021ലും 2022ലും ലീഗ് റൗണ്ടിൽ പുറത്തായ മുംബൈ 2023ൽ പ്ലേ ഓഫ് വരെമാത്രമാണ് എത്തിയത്. ഇതും തലമാറ്റത്തിനു കാരണമായിരിക്കും.
ഐസിസി 2022 ലോകകപ്പിനുശേഷം രാജ്യാന്തര വേദിയിൽ രോഹിത് ട്വന്റി-20 ക്രിക്കറ്റ് കളിച്ചിട്ടില്ല. രോഹിത്തിനു പകരം ഇന്ത്യയെ ഹാർദിക് ആയിരുന്നു നയിച്ചത്. നിലവിൽ പരിക്കേറ്റ് വിശ്രമത്തിലുള്ള ഹാർദിക്കിനു പകരം സൂര്യകുമാർ യാദവും ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തെത്തി. ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരേ നടക്കാനിരിക്കുന്ന ട്വന്റി-20 പരന്പരയിൽ ഹാർദിക് തിരിച്ചെത്തുമെന്നാണ് സൂചന.
മുംബൈ ഇന്ത്യൻസിന്റെ ഒന്‍പതാമത് ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ. സച്ചിൻ തെണ്ടുൽക്കർ, ഷോണ്‍ പൊള്ളോക്ക്, ഹർഭജൻ സിംഗ്, ഡ്വെയ്ൻ ബ്രാവൊ, റിക്കി പോണ്ടിംഗ്, കിറോണ്‍ പൊള്ളാർഡ്, സൂര്യകുമാർ യാദവ്, രോഹിത് ശർമ എന്നിവരാണ് ഇതുവരെ മുംബൈയെ ഐപിഎല്ലിൽ നയിച്ചവർ.
ക്യാപ്റ്റൻ ഹാർദിക്
ഗുജറാത്ത് ടൈറ്റൻസ് (2022-23)
മത്സരം: 31
ജയം: 22
തോൽവി: 09
ടൈ: 00
വിജയ ശതമാനം: 70.96
കിരീടം: 01
ക്യാപ്റ്റൻ രോഹിത്
മുംബൈ ഇന്ത്യൻസ് (2013-23 )
മത്സരം: 163
ജയം: 91
തോൽവി: 68
ടൈ: 04
വിജയ ശതമാനം: 55.82
കിരീടം: 05