വിയ്യൂർ: കഴിഞ്ഞ ദിവസം വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അനിൽകുമാറിന് ഒരു കൊറിയർ കിട്ടി. പതിനാറു പുസ്തകങ്ങളായിരുന്നു ആ കൊറിയറിൽ. അയച്ചത് നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലെ മലയാളികളായ വിചാരണ തടവുകാർ.
വിയ്യൂർ ജയിൽ കോന്പൗണ്ടിലെ ജില്ല ജയിൽ ലൈബ്രറിയെ കുറിച്ചും വിയ്യൂരിലെ തടവുകാരെഴുതിയ ചുവരുകളും സംസാരിക്കും എന്ന മിനിയേച്ചർ പുസ്തകത്തെക്കുറിച്ചും മാധ്യമങ്ങളിലൂടെ അറിഞ്ഞ തലോജ സെൻട്രൽ ജയിലിലെ തടവുകാരാണ് അക്ഷരങ്ങളെ സ്നേഹിക്കുന്ന വിയ്യൂരിലെ തടവുകാർക്ക് പുസ്തകങ്ങളയച്ചുകൊടുത്ത് അവരുടെ വായനയെ പ്രോത്സാഹിപ്പിച്ചതും അഭിനന്ദിച്ചതും.
1800 കിലോമീറ്ററുകൾക്കപ്പുറത്തു നിന്ന് പുസ്തകങ്ങൾ തങ്ങളെ തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് വിയ്യൂർ ജയിൽ അധികൃതർ.
ഒരേ തൂവൽ പക്ഷികളായ തടവുകാർ പുസ്തകങ്ങൾ ഇഷ്ടികകളാക്കി വാക്കുകൾ സിമന്റ് ചാന്താക്കി തടവറകളിലെ തടവുകാരുടെ മനസുകൾ കൊണ്ടൊരു ഭീമൻ പാലം നിർമിച്ചിരിക്കുന്നുവെന്നാണ് പുസ്തകത്തോടൊപ്പം വന്ന കത്തിലെ ഒരു വാചകം. മുംബൈയിലെ വിചാരണ തടവുകാരിലൊരാളുടെ ഭാര്യാപിതാവു വഴിയാണ് പുസ്തകങ്ങൾ കൊറിയർ ചെയ്തിരിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ വിവിധ പുസ്തകങ്ങളും സി.അയ്യപ്പന്റെ കഥകളും കെ.മുരളിയുടെ ബ്രാഹ്മണ്യ വിമർശവും തുടങ്ങി 2600 രൂപ വിലയുള്ള പുസ്തകങ്ങൾ അയച്ചുകിട്ടിയ കൂട്ടത്തിലുണ്ട്.ജില്ല ജയിലിൽ ആയിരത്തോളം പുസ്തകങ്ങൾ മാത്രമാണ് നേരത്തെയുണ്ടായിരുന്നതെന്നും എന്നാൽ ജയിലിലെ തടവുകാരുടെ മിനിയേച്ചർ പുസ്തകത്തെക്കുറിച്ച് അറിഞ്ഞ ശേഷം നിരവധി പേർ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തതോടെ മൂവായിരത്തിലധികം പുസ്തകങ്ങളായി എണ്ണം വർധിച്ചെന്നും സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു.
പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള രണ്ടു ഷെൽഫുകളും സംഭാവനയായി ലഭിച്ചു. ജില്ല ജയിലിലേയും സെൻട്രൽ ജയിലിലേയുമടക്കമുള്ള ലൈബ്രറികൾ തടവുകാർ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ജയിലിൽ സ്പോക്കണ് ഇംഗ്ലീഷ് പഠിക്കുന്നവരും ഓണ്ലൈൻ ക്ലാസ് വഴി പഠനങ്ങൾ നടത്തുന്നവരുമുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.