മുംബൈ: തീവ്രവാദ ആക്രമണ ഭീഷണിയിൽ മുംബൈ പോലീസ് മുൾമുനയിൽ, ഒടുവിൽ തീവ്രവാദികളെ കണ്ടുപിടിച്ചപ്പോൾ ആകെ കോമഡിയും. മുംബൈ വാസൈയിലാണ് സംഭവം.
തീവ്രവാദികളുടെ തരത്തിൽ വേഷം ധരിച്ച്, ബുള്ളറ്റ് വെസ്റ്റുകൾ ശരീരത്തിൽ ചുറ്റി രണ്ടു പേർ നഗരത്തിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് മുംബൈ പോലീസ് ജാഗ്രതയിലായി. കടയിൽനിന്നു സിഗരറ്റ് മേടിച്ചെന്നായിരുന്നു പോലീസിനു ലഭിച്ച വിവരം. ഇതോടെ തീവ്രവാദികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പോലീസ് തീവ്രവാദികളെ പിടികൂടി. ബൽറാം ജിൻവാല, അർബാസ് ഖാൻ എന്നീ യുവാക്കളായിരുന്നു ഈ തീവ്രവാദികൾ. ഇവരെ ചോദ്യം ചെയ്തപ്പോൾ പോലീസ് പോലും ചമ്മി.
ഋതിക് റോഷനും ടൈഗർ ഷ്റോഫും അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിലെ എക്സ്ട്രാകളായിരുന്നു ഇവർ. വാസൈയിൽ ഷൂട്ടിംഗ് നടക്കവെ ഇവർ സിഗരറ്റ് വലിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് തീവ്രവാദികളായി മാറിയത്.
വിഷയമായതോടെ ഇവരുടെ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും നിർമാണ കന്പനി പോലീസിൽ സമർപ്പിച്ചു. എന്നിരുന്നാലും ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. സമാധാനം തടസപ്പെടുത്തി, ഭീതി സൃഷ്ടിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലാണ് ഋതിക് റോഷനും ടൈഗർ ഷ്റോഫും ഒന്നിച്ച് അഭിനയിക്കുന്നത്. വാണി കപൂറും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഭവം മുംബൈ പോലീസ് ട്വിറ്ററിൽ പങ്കുവച്ചതോടെ ട്രോളുകളുടെ പെരുമഴയാണ്.