പത്തനംതിട്ട: മുംബൈയിലും ഡല്‍ഹിയിലും വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാര്‍ക്ക് കോവിഡ് 19 ബാധിച്ചതിനേതുടര്ന്ന് ഇവര്‍ നേരിടുന്ന ചികിത്സാ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച പരാതികളില്‍ ആന്റോ ആന്റണി എംപിയുടെയും വീണാ ജോര്‍ജ് എംഎല്‍എയുടെയും ഇടപെടല്‍. ഇവര്‍ക്കു ലഭിച്ച പരാതികളേ തുടര്‍ന്നാണ് നടപടി.
അതാതു സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് ചികിത്സാ സൗകര്യങ്ങള്‍ ആവശ്യപ്പെട്ടതായി ആന്റോ ആന്റണി എംപി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിലും വിഷയം കൊണ്ടുവന്നിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ഒറ്റപ്പെട്ടുപോയ മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ച മുംബൈ ഭാട്യ ആശുപത്രിയിലെ സാഹചര്യം വളരെ മോശമാണെന്ന് നഴ്സുമാര്‍ അറിയിച്ചതായി വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
നഗരത്തിലെ മറ്റൊരു പ്രധാന ആശുപത്രി രോഗബാധയേ തുടര്‍ന്ന് അടച്ചപ്പോള്‍ ഭാട്യ ആശുപത്രിയിലേക്ക് കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ട്. ഇവരില്‍ കോവിഡ് ബാധിതരടക്കമുണ്ട്. യാതൊരു സുരക്ഷാ സംവിധാനവും നല്‍കാതെ ആരോഗ്യപ്രവര്‍ത്തകര്‍ ജോലിയെടുക്കുകയാണ്.
രോഗം ബാധിച്ചവരും ജോലിയെടുക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഇതേവരെ ചികിത്സ ആരംഭിച്ചതുമില്ല.
ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പെടുത്തിയതായും അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. നഴ്സുമാര്‍ക്കു സുരക്ഷയും ചികിത്സാ സൗകര്യവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.