റെനീഷ് മാത്യു
കണ്ണൂർ: വേർതിരിച്ചിട്ടില്ലാത്ത ഒരു ഹാളിൽ സ്ത്രീകളും പുരുഷന്മാരും. വസ്ത്രം മാറുവാൻ ഒരു മറപോലുമില്ല. 18 പേർക്ക് ഉപയോഗിക്കാൻ രണ്ട് കുളിമുറികൾ മാത്രം.
അവയിൽത്തന്നെ ഒന്നിന് കൊളുത്തുമില്ല. വൃത്തിഹീനമായ തറ. നിരത്തിയിട്ടിരിക്കുന്ന കട്ടിലുകളിൽ കിടക്കകൾ. നല്ല ഭക്ഷണം പോലും ലഭ്യമല്ല. അവഗണനയുടെ കൊടും യാതനയിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുന്ന സാധു മനുഷ്യർ.
ഇത് മികവിന്റെ പര്യായമെന്ന് ഊറ്റംകൊള്ളുന്ന ഇന്ത്യയിൽത്തന്നെ. അതും രാജ്യത്തിന്റെ അഭിമാനമെന്ന് തിലകംചാർത്തപ്പെട്ടിരിക്കുന്ന മുംബൈയിൽ.
മുംബൈയിലെ ജെസ്ലോക്ക് ആശുപത്രിയിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ അതേ രോഗം ബാധിച്ച 26 മലയാളി നഴ്സുമാരുടെ ദുരവസ്ഥയാണിത്.
“ഒട്ടേറെ കാര്യങ്ങൾ പറയണമെന്നുണ്ട്. യഥാർഥ സ്ഥിതി പറഞ്ഞു കഴിഞ്ഞാൽ ഞങ്ങളുടെ ഭാവി എന്താകുമെന്ന പേടിയും അങ്കലാപ്പുമാണ് മനസിൽ.
കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ട് ദിവസങ്ങളായിട്ടും ഞങ്ങളെ മാറ്റിപ്പാർപ്പിച്ചതല്ലാതെ യാതൊരു ചികിത്സയും ആരംഭിച്ചിട്ടില്ല. ചികിത്സയെക്കുറിച്ച് ആശുപത്രി അധികൃതരോട് ചോദിച്ചപ്പോൾ വേണമെങ്കിൽ ഡോളോ എടുത്ത് കഴിച്ചോ എന്നായിരുന്നു പ്രതികരണം.
ഞങ്ങളെ ഇവിടെ കൊണ്ടുവന്നാക്കിയിട്ട് ആശുപത്രി അധികൃതർ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. നിങ്ങൾ വരുത്തി വച്ചതല്ലേ. അതിനാൽ അനുഭവിച്ചോളൂ എന്നതാണ് ആശുപത്രി അധികൃതരുടെ നിലപാട്.”
ഇത്രയും പറയുമ്പോഴേക്കും ആ സഹോദരിയുടെ കണ്ഠമിടറി. സംസാരം തുടരാനാവാതെ അവർ വാവിട്ടുകരഞ്ഞു. മനസ്സാന്നിധ്യം തിരിച്ചുപിടിച്ച് അവർ തുടർന്നു – “തൊണ്ണൂറ് ശതമാനവും ആശുപത്രിയുടെ അനാസ്ഥമൂലമാണ് ഞങ്ങൾക്ക് രോഗബാധയുണ്ടായത്. മതിയായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാതെയാണ് ഞങ്ങളെ കൊറോണ വാർഡിൽ ഡ്യൂട്ടിക്ക് നിയോഗിച്ചത്.”
രോഗബാധ സ്ഥിരീകരിച്ച 26 നഴ്സുമാരിൽ എട്ടു പേരെ മുംബൈ സിഎസ്ടിക്ക് സമീപമുള്ള ഒരു കൺവൻഷൻ സെന്ററിലാണ് പാർപ്പിച്ചിരിക്കുന്നത്.
ഇവിടെയാണ് സ്ത്രീകളെയും പുരുഷന്മാരെയും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ പോലും മേൽനോട്ടമില്ലാതെ ഒരു ഹാളിന്റെ രണ്ടു ഭാഗങ്ങളിലായി പാർപ്പിച്ചിരിക്കുന്നത്.
പുറത്തുനിന്ന് പൂട്ടിയിട്ടുള്ള ഈ ഹാളിലുള്ളവർക്ക് എന്തെങ്കിലും അത്യാവശ്യമുണ്ടായാൽ വിളിപ്പുറത്തുപോലും ആരുമില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ എല്ലാവരുംകൂടി അലറിവിളിച്ചാണ് പുറത്തുള്ളവരെ വിവരം അറിയിക്കുന്നത്. എന്നാൽ പോലും ഏറെ നേരം കഴിഞ്ഞാണ് ആരെങ്കിലും വരാറുള്ളതെന്നാണു നഴ്സുമാർ പറഞ്ഞത്.
രോഗബാധിതർക്ക് ചൂടുവെള്ളം കുടിക്കാനുള്ള സംവിധാനവും അവിടെയില്ല. ഈ ആവശ്യം ഉന്നയിച്ചപ്പോൾ അതിന് വകുപ്പില്ലെന്നായിരുന്നു വിശദീകരണം.
കോവിഡ് രോഗം ബാധിച്ച മറ്റ് 18 പേരെ സൗകര്യങ്ങൾ ഏറെയില്ലാത്ത ഹോസ്റ്റലിലാണ് പാർപ്പിച്ചിരിക്കുന്നത്. അവിടെ രണ്ട് ശുചിമുറികൾ മാത്രമാണുള്ളത്. ഇതിലാകട്ടെ ഒന്നിന് കൊളുത്തുമില്ല.
തങ്ങളുടെ അവസ്ഥ അതീവ ഗുരുതരവും ദയനീയവുമാണെന്ന് നഴ്സുമാർ അറിയിച്ചു. മഹാരാഷ്ട്ര സർക്കാരാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.