കൊല്ലം: ഓണത്തിന് ആവശ്യത്തിന് ട്രെയിനുകൾ ഇല്ലാത്തതിനാൽ നാട്ടിൽ എത്താൻ കഴിയാതെ മുംബൈ മലയാളികൾ വലയുന്നു. ഓണത്തിന് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിലേക്ക് പ്രത്യേക ട്രെയിനോ കൂടുതല്‍ ബോഗികളോ അനുവദിക്കണമെന്ന ആവശ്യവുമായി മുംബൈയിലെ മലയാളികള്‍.
വിമാന ടിക്കറ്റ് രണ്ട് ഇരട്ടിയിലേറെ വർധിച്ചതും ട്രെയിന്‍ ടിക്കറ്റ് കിട്ടാതായതും ഇവരെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. നാലായിരത്തില്‍ താഴെയായിരുന്ന വിമാന ടിക്കറ്റ് കഴിഞ്ഞ രണ്ടാഴ്ചയായി പതിനായിരത്തോടടുത്തതായി മുംബൈ മലയാളി അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
ആകെയുള്ള ആശ്വാസം ട്രെയിനുകളായിരുന്നു. അതിലിപ്പോള്‍ സീറ്റുമില്ല. അവയെല്ലാം മാസങ്ങൾക്ക് മുമ്പേ പൂർണമായും ബുക്ക് ചെയ്ത് കഴിഞ്ഞു. ആയിരക്കണക്കിന് ആൾക്കാരാണ് വെയിറ്റിംഗ് ലിസ്റ്റിലുള്ളത്. മുംബൈയില്‍ നിന്നും കേരളത്തിലേക്ക് ദിവസവുമുള്ളത് രണ്ട് ട്രെയിന്‍ മാത്രം. കൊങ്കൺ വഴിയുള്ള.
ലോകമാന്യതിലക് -തിരുവനന്തപുരം നേത്രാവതി എക്സ്പ്രസാണ് ഇതിൽ ഒന്ന്. പൂനെ- കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ആണ് മറ്റൊന്ന്. നേരത്തേ ഛത്രപതി ശിവജി ടെർമിനസ് വരെ (പഴയ മുംബൈ വിടി) പോയിരുന്ന ഈ ട്രെയിൻ ഇപ്പോൾ പൂനെ വരെ മാത്രമാണ് സർവീസ് നടത്തുന്നത്. ഇത് മലയാളികൾക്ക് വലിയ തിരിച്ചടിയാണ്.
ആഴ്ചയില്‍ പല ദിവസങ്ങളിലായി നാലു പ്രതിവാര ട്രെയിനുകള്‍ വേറെയുമുണ്ട്. ഇവയെല്ലാം ഉയർന്ന ക്ലാസ് കോച്ചുകൾ മാത്രമുള്ള വണ്ടികളാണ്. എന്നിട്ടും അതിലെല്ലാം മാസങ്ങൾക്ക് മുൻപേ ബുക്കിംഗ് പൂർത്തിയായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മുംബൈ വഴി പോകുന്ന മറ്റ് ട്രെയിനുകളിലാണെങ്കില്‍ സീറ്റുമില്ല. ഇങ്ങനെ പോയാല്‍ ഇത്തവണത്തെ ഓണത്തിന് എങ്ങനെ നാട്ടിലെത്തുമെന്നാണ് മലയാളി സമാജം ഭാരവാഹികൾ അടക്കം ചോദിക്കുന്നത്.
റെയിൽവേ മന്ത്രാലയത്തിനും കേരളത്തിലെ എംപിമാരും എംഎൽഎമാരും അടക്കമുള്ളവർക്ക് നേരത്തേ തന്നെ നിവേദനങ്ങൾ സമർപ്പിച്ചിട്ടും അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലന്നും ഇവർ പറയുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്
വിവിധ മലയാളി സംഘടനകളും സംഘടനകളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, ഫ്രണ്ട്സ് ഓൺ റെയിൽസ് സംഘടനയെയും സമീപിച്ചുകഴിഞ്ഞു.
പ്രത്യേക ട്രെയിനുകളും ഇപ്പോഴോടുന്ന ട്രെയിനുകളില്‍ അധിക ബോഗിയുമാണ് പ്രധാന ആവശ്യം. വൈകിയ വേളയിലെങ്കിലും റെയിൽവേ അധികൃതർ കനിയുമെന്ന പ്രതീക്ഷയിലാണ് മുംബൈയിലെ മലയാളി സമൂഹം.
സ്വന്തം ലേഖകൻ