മുംബൈ: ആരേ കോളനിയിലെ മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരേ പ്രതിഷേധം ശക്തം. മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരേ സമർപ്പിച്ച ഹർജികൾ കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി തള്ളിയതോടെയാണ് മെട്രോ അധികൃതർ മരങ്ങൾ മുറിക്കുന്ന നടപടികളിലേക്ക് കടന്നത്.
ഇന്നലെ രാത്രിയോടെ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരുമടക്കം നിരവധിപേർ ആരേ കോളനിയിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 26 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ ചിലർ മരങ്ങൾ മുറിക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചുകടക്കാനും ശ്രമിച്ചു. 800 മരങ്ങൾ ഇതുവരെ വെട്ടിയതായാണ് റിപ്പോർട്ട്.
മരങ്ങൾ മുറിക്കാൻ അനുമതി നൽകിയെങ്കിലും ആ ഉത്തരവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസം കഴിഞ്ഞതിനുശേഷം മാത്രമേ നടപടികളിലേക്ക് കടക്കാവൂ എന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ വാദം. അതിനാൽ തിരക്കിട്ട് മരങ്ങൾ മുറിക്കുന്നത് നിർത്തിവയ്ക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ പരിസ്ഥിതിവാദികളുടെ വാദം തെറ്റാണെന്നും അതിൽ കഴന്പില്ലെന്നുമായിരുന്നു മുംബൈ മെട്രോ റെയിൽ അധികൃതരുടെ പ്രതികരണം. സെപ്റ്റംബർ 13-ന് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിട്ടുണ്ടെന്നും ഹൈക്കോടതി വിധിക്കായാണ് ഇതുവരെ കാത്തിരുന്നതെന്നും അധികൃതർ പറഞ്ഞു.
മെട്രോ റെയിലിന്റെ കാർഷെഡ് നിർമിക്കുന്നതിനുവേണ്ടിയാണ് ആരേ കോളനിയിലെ മരങ്ങൾ വെട്ടിമാറ്റുന്നത്. നഗരത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കുന്ന ആരേ കോളനിയിൽ 2646 മരങ്ങളാണ് വെട്ടിമാറ്റുക. ഇതിന് ട്രീ അതോറിറ്റി നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ മരങ്ങൾ വെട്ടുന്നതിനെതിരെ ചിലർ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഈ ഹർജികളെല്ലാം തള്ളുകയായിരുന്നു.
സുപ്രീംകോടതിയുടേയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജികൾ തള്ളിയത്. ഹർജിക്കാർക്ക് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ ആരേ കോളനി വനമേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു.