കാന്‍സറിന് പോലും ഭയപ്പെടുത്താനാവാത്ത ഈ കുട്ടി തീര്‍ച്ചയായും പോലീസ് സ്റ്റേഷന്‍ ചുമതല അര്‍ഹിക്കുന്നു! മുംബൈ പോലീസിന്റെ നടപടിയെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ളതാണ. ഇനി അധികകാലം ഭൂമിയില്‍ ജീവിക്കാനാവില്ലെന്ന ഘട്ടം വരുമ്പോള്‍ വളരെ പെട്ടെന്നും. പോലീസ് ഇന്‍സ്‌പെക്ടര്‍ ആവണമെന്ന ഒരു ഏഴു വയസുകാരന്റെ ആഗ്രഹമാണ് മുംബൈ പോലീസ് ഇത്തരത്തില്‍ സാക്ഷാത്കരിച്ചിരിക്കുന്നത്. കാരണം ആ ആഗ്രഹത്തിനുവേണ്ടി കാത്തിരിക്കാന്‍ അവനിനി അധികം സമയമില്ല. കാരണം, കാന്‍സര്‍ അവന്റെ സ്വപ്‌നങ്ങളുടെ മേല്‍ നിഴല്‍വീഴ്ത്തി.

പക്ഷേ ഒരു ദിവസത്തേക്കെങ്കിലും അവന്റെ സ്വപ്നം സാക്ഷാത്കരിച്ച സംതൃപ്തിയിലാണ് മുംബൈ പോലീസ്. അര്‍ബുദ ബാധിതനായ അര്‍പിത് മണ്ഡല്‍ എന്ന ബാലനെയാണ് ആഗ്രഹ പ്രകാരം ഒരു ദിവസത്തേക്ക് ഇന്‍സ്‌പെക്ടര്‍ ആയി നിയമിച്ചത്. പോലീസ് യൂണിഫോമില്‍ അര്‍പിത് സ്റ്റേഷനില്‍ ഇരിക്കുന്ന ഫോട്ടോ മുംബൈ പോലീസ് ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവച്ചിരുന്നു. കാന്‍സറിന് പോലും ഭയപ്പെടുത്താനാവാത്ത ഈ കുട്ടി തീര്‍ച്ചയായും പോലീസ് സ്റ്റേഷന്‍ ചുമതല അര്‍ഹിക്കുന്നു എന്നാണ് ചിത്രത്തോടൊപ്പം പോലീസ് ട്വിറ്ററില്‍ കുറിച്ചത്.

സോഷ്യല്‍മീഡിയ വളരെ സന്തോഷത്തോടെയാണ് മുംബൈ പോലീസിന്റെ നീക്കത്തെ സ്വീകരിച്ചത്. നിരവധിയാളുകളാണ് ട്വിറ്ററിലും ഫേസ്ബുക്കിലും പോലീസിന് നന്ദിയും ആശംസയും അറിയിച്ചുകൊണ്ടിരിക്കുന്നത്. മേക് എ വിഷ് എന്ന സംഘടനയാണ് അര്‍പിതിന്റെ ആഗ്രഹ സാഫല്യത്തിന് മുന്‍കൈ എടുത്തത്. ഗുരുതര രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചു നല്‍കുന്ന സംഘടനയാണ് മേക്ക് എ വിഷ്.

Related posts