ജംഷഡ്പുര്‍/ മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മഹാരാഷ് ട്ര ടീമുകള്‍ക്ക് ജയം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പൂന സിറ്റി എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പുര്‍ എഫ്സിയെ കീഴടക്കി. രണ്ടാം മത്സരത്തില്‍ ഇതേ സ്കോറിനു തന്നെ മുംബൈ സിറ്റി എഫ്സി മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിയെ തകര്‍ത്തു. ഗോള്‍ വഴങ്ങാതെ ഇതുവരെ കളിച്ച ജംഷഡ്പുരിന്റെ വലയില്‍ ആദ്യ പകുതിയില്‍ അദില്‍ ഖാന് (30) പന്തെത്തിച്ചു. മത്സരത്തിന്റെ തുടക്കത്തില്‍ പൂന കളിയുടെ നിയന്ത്രണമേറ്റെടുത്തു.
ആറാം മിനിറ്റില്‍ സുബ്രത പാല് പൂനയുടെ ഫ്രീകിക്ക് തട്ടിയകറ്റിക്കൊണ്ട് ജംഷഡ്പുരിന്റെ രക്ഷകനായി. 16-ാം മിനിറ്റില്‍ പൂന ഗോള്‍കീപ്പര്‍ മികച്ചൊരു സേവിംഗ് നടത്തി. 30-ാം മിനിറ്റില്‍ പൂന ആദില്‍ ഖാന്റെ ഗോളില്‍ ലീഡ് നേടി. ജംഷഡ്പുര്‍ വഴങ്ങിയ ആദ്യ ഗോളായിരുന്നു. 44-ാം മിനിറ്റില്‍ പൂനയുടെ ഇസു അസുകയുടെ വെടിയുണ്ടപോലുള്ള ഹെഡര്‍ പൂനയുടെ വല തുളച്ചുവെന്നു കരുതി. എന്നാല്‍ റഫറിയുടെ ഓഫ് സൈഡ് വിളിയെത്തിയതോടെ അസുക നിരാശയോടെ ഗ്രൗണ്ടില്‍ കിടന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലും പൂനയുടെ മുന്നേറ്റമായിരുന്നു. രണ്ടാം മത്സരത്തില്‍ ചെന്നൈയിന് എഫ്സി ഞെട്ടിക്കുന്ന തോല്‍വി നേരിട്ടു. കളിയില്‍ ആധിപത്യം ചെന്നൈയിനായിരുന്നു. എന്നാല്‍ ഈ ആധിപത്യം ഗോളാക്കാന്‍ ചെന്നൈയിനായില്ല. 60-ാം മിനിറ്റില്‍ മുംബൈയുടെ ബല്‍വന്ത് സിംഗിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി അക്കിലെ എമന ഗോളാക്കി മുംബൈക്കു വിജയം നല്കി.