മുംബൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ വിവിധ മേഖലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈ, രത്നഗിരി, റായ്ഗഡ്, സത്താറ, പുനെ, സിന്ധുദുർഗ് ജില്ലകളിലാണ് റെഡ് അലർട്ട്. താനെ, പാൽഘർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഈ മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി.
മോശം കാലാവസ്ഥയെത്തുടർന്ന് മുംബൈയിലേക്കുള്ള നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. മുംബൈ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
ആയിരക്കണക്കിന് ആളുകൾ വിവിധയിടങ്ങളിൽ കുടുങ്ങി. പ്രധാന റോഡുകൾ പലതും വെള്ളത്തിലാണ്. നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു.
ചിലയിടങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ദുരന്തബാധിതമേഖലയിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ പ്രത്യേക ടീമുകളെ വിന്യസിച്ചിട്ടുണ്ട്.
വെള്ളക്കെട്ട് രൂക്ഷമായതോടെ ഇന്നലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നു. ഇന്ന് ചില സർവീസുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. അതേസമയം, ചിലയിടങ്ങളിൽ മഴയ്ക്കു നേരിയ ശമനമുണ്ട്.