മുംബൈ: ലോക മനഃസാക്ഷിയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പതിന്നാല് വർഷം തികയുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു 2008 നവംബർ 26ന് മുംബൈയിൽ നടമാടിയ ഭീകരാക്രമണം.
പത്ത് ലഷ്കർ-ഇ-തൊയ്ബ ഭീകരർ രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ മഹാനഗരിയെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണം മൂന്നു ദിവസത്തോളം രാജ്യത്തെ മുൾമുനയിൽ നിർത്തുന്നതായിരുന്നു.
ആൾക്കൂട്ടത്തിനു നേരെ നിർദാക്ഷിണ്യം വെടിവയ്ക്കുകയായിരുന്നു പാകിസ്ഥാൻ ഭീകരർ. വൃദ്ധരും സ്ത്രീകളും കുട്ടികളുമെല്ലാം ഭീകരരുടെ തോക്കിനിരയായി.
വിദേശികൾ ഉൾപ്പെടെ 175 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്നുറു പേർക്കു പരിക്കേറ്റു. നിരവധി പേർക്ക് അംഗവൈകല്യം സംഭവിച്ചു. ഏറ്റുമുട്ടലില്‍ ഒന്‍പതു ഭീകരരെ സുരക്ഷാസേന വധിച്ചു.
ഇതിനിടയിൽ 22 സൈനികര്‍ വീരമൃത്യുവരിക്കുകയും ചെയ്തു. അജ്മൽ അമീർ കസബ് എന്ന ഭീകരനെ ജീവനോടെ പിടികൂടുകയും ചെയ്തു. കസബിനെ 2012 നവംബര്‍ 21ന് തൂക്കിക്കൊന്നു.
മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ് ഹോട്ടൽ, ഛത്രപതി ശിവജി ടെര്‍മിനല്‍, നരിമാന് പോയിന്റിലെ ഒബ്റോയി ട്രിഡന്റ് ഹോട്ടല്‍ എന്നിവിടങ്ങൾ പാക്ക് ഭീകരർ ചോരക്കളമാക്കി മാറ്റുകയായിരുന്നു.
തോക്ക്, ഗ്രനേഡ്, മറ്റു സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ഭീകരർ മുംബൈ നഗരത്തെ ആക്രമിച്ചത്. പാക്കിസ്ഥാൻ നഗരമായ കറാച്ചിയിൽ നിന്ന് സ്പീഡ് ബോട്ടിലാണ് ലഷ്കർ ഭീകരർ മുംബൈയിലെത്തിയത്. രാജ്യത്തെ സുരക്ഷാസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചാണ് ഇവർ മുംബൈയിൽ പ്രവേശിക്കുന്നത്.
ഏറ്റുമുട്ടലിൽ മുംബൈ ഭീകരവിരുദ്ധ സേനാ ചീഫ് ഹേമന്ത് കർകരെ, എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് വിജയ് സലസ്കർ എന്നീ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ രാജ്യത്തിനു നഷ്ടമായി.
എൻഎസ്ജി (നാഷണൽ സെക്യൂരിറ്റി ഗാർഡ്) കമാൻഡോമാരായിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, ഹവിൽദാർ ഗജേന്ദ്ര സിംഗ് എന്നിവർക്കും ജീവൻ നഷ്ടമായി.
താജ് ഹോട്ടൽ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയ ഭീകരർക്ക് എതിരായ പോരാട്ടത്തിലാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ വീരമൃത്യു വരിച്ചത്.വീരമൃത്യു വരിച്ച സൈനികരും ആക്രമണത്തിൽ കൊല്ലപ്പെട്ടവരും ഇന്നും ഉണങ്ങാത്ത മുറിവുകളായി ഓരോ രാജ്യസ്നേഹിയിലുമുണ്ട്.