തിരുവനന്തപുരം: മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ബോംബ് വച്ചു തകർക്കുമെന്ന് ഇ മെയിലിലൂടെ ഭീഷണി സന്ദേശം അയച്ച കിളിമാനൂർ സ്വദേശിയായ യുവാവിനെ മുംബൈ പോലീസും മുംബൈ എടിഎസും ചേർന്ന് തിരുവനന്തപുരത്തെത്തി അറസ്റ്റ് ചെയ്തു.
കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിൻ ഷാനെ (23) യാണ് അറസ്റ്റ് ചെയ്തത്. ഇയാളെ മുംബൈ പോലീസ് ട്രാൻസിസ്റ്റ് വാറന്‍ഡ് വാങ്ങിയ ശേഷം മുംബൈ യിലേക്ക് കൊണ്ട് പോകും.
മുംബൈയിലെ സഹർ പോലീസ് സ്റ്റേഷനിലെ പോലീസ് കിളിമാനൂരിൽ ക്യാമ്പ് ചെയ്യുകയാണ്. അദാനി പോർട്ട് അധികൃതരോട് ഇ മെയിലി ലൂടെ ഒരു ദശലക്ഷം യുഎസ് ഡോളർ നൽകണമെന്നും അല്ലെങ്കിൽ വിമാനത്താവളത്തിന്റെ ടെർമിനൽ-2 തകർക്കും എന്നുമായിരുന്നു ഇമെയിൽ ഭീഷണി.
അദാനി തുറമുഖം അധികൃതർ മുംബൈ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഇ മെയിലിന്റെ ഐ പി അഡ്രസ് കേന്ദ്രികരിച്ചു നടത്തിയ അനേഷണമാണ് ഇയാളിലേക്ക് എത്തിയത്.
അമ്മയുടെ പേരിലുള്ള ബ്രോഡ് ബാൻഡ് കണക്ഷൻ ഉപയോഗിച്ചാണ് 23 കാരൻ ഇ-മെയിൽ വഴി ഭീഷണി സന്ദേശം അയച്ചത്. ബിബിഎ ബിരുദധാരിയാണ് ഇയാൾ.
ഷെയർ മാർക്കറ്റ് ബിസിനസ് ചെയ്ത് വരികയാണ്. ഇയാളുടെ ലാപ്ടോപ്, ഹാർഡ് ഡിസ്ക് എന്നിവ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ ഉച്ചയ്ക്കും രാത്രിയിലുമാണ് മുബൈ പോലീസ് സംഘം തിരുവനന്തപുരത്തെത്തിയത്.