സ്വന്തംലേഖകന്‍
കോഴിക്കോട്: മുംബൈ തീരത്തെ ക്രൂസ് കപ്പലിലെ ലഹരി പാര്‍ട്ടിക്കുള്‍പ്പെടെ ഉപയോഗിക്കാനുള്ള വിലകൂടിയ മയക്കുമരുന്നുകള്‍ കേരളം വഴി കടത്താന്‍ പദ്ധതിയിട്ടതായി കണ്ടെത്തല്‍.
നെടുമ്പാശേരി, കരിപ്പൂര്‍ എന്നിവിടങ്ങളിലായി പിടികൂടിയ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവ ഉത്തരേന്ത്യയിലെ ലഹരി മാഫിയക്കായി എത്തിച്ചതാണെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ നിഗമനം.
സംസ്ഥാനത്തെ ലഹരിക്കടത്ത് സംഘത്തിനായി എത്തിച്ചതാണോ ഇതെന്നു വിശദമായി അന്വേഷിച്ചിരുന്നു.
പിടിയിലായ ആഫ്രിക്കന്‍ യുവതികളുടെ മൊഴികള്‍ കൂടി പരിശോധിച്ചതോടെയാണ് ലഹരി കേരളത്തിലുള്ളവര്‍ക്ക് എത്തിച്ചതെല്ലെന്നു വ്യക്തമായത്.
അതേസമയം, ഉത്തരേന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനായി ഏതെങ്കിലും മലയാളികള്‍ ഇവര്‍ക്കു സഹായം ചെയ്തു നല്‍കിയിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്.
മുംബൈ കാത്തിരുന്ന കൊക്കെയ്ന്‍
അന്താരാഷ്ട്ര വിപണിയില്‍ 5.34 കോടി രൂപ വിലവരുന്ന 534 ഗ്രാം കൊക്കെയ്നുമായാണ് ഐവറി കോസ്റ്റ് സ്വദേശിനി കാനേ സിംപ ജൂലി (21) നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.
വിമാനത്താവളത്തിന് പുറത്ത് ഐവറി കോസ്റ്റ് സ്വദേശിനി സീവി ഒടോത്തി ജൂലിയറ്റുണ്ടായിരുന്നു. ജൂലിയറ്റായിരുന്നു കേരളത്തില്‍നിന്നു മയക്കുമരുന്ന് മുംബൈയില്‍ എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.
ഡിആര്‍ഐ സംഘം ജൂലിയെ പിടികൂടിയതോടെ ജൂലിയറ്റും അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ ജൂലിയറ്റ് മുംബൈയിലെ ഏജന്റുമാര്‍ക്കുള്ള മയക്കുമരുന്നാണിതെന്നു മൊഴി നല്‍കുകയായിരുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള കാരിയര്‍മാര്‍ വഴിയാണ് മുംബൈയിലെ വിവിധ പാര്‍ട്ടികള്‍ക്കായി മയക്കുമരുന്നുകള്‍ എത്തുന്നത്.
നടന് ഷാരൂഖാന്റെ മകനുള്പ്പട്ട ലഹരി പാര്‍ട്ടിയിലും ഉപയോഗിച്ചത് വിലകൂടിയ മയക്കുമരുന്നുകളായിരുന്നു.
30 കോടി രൂപ മൂല്യമുള്ള 4.9 കിലോഗ്രാം ഹെറോയിനുമായി ആഫ്രിക്കയിലെ സാംബിയയില്നിന്നു കരിപ്പൂരിലെത്തിയ ബിശാലാ സോകോ(40)യും ഉത്തരേന്ത്യന്‍ സംഘത്തിനായാണ് പ്രവര്‍ത്തിച്ചത്.
കോഴിക്കോട്ടെ ഹോട്ടലില്‍ മുറിയെടുത്താല്‍ മതിയെന്നും അവിടെ മയക്കുമരുന്ന് കൈപ്പറ്റാന്‍ ആളെത്തുമെന്നുമാണ് ആഫ്രിക്കയിലെ ഡീലര്‍മാര്‍ അറിയിച്ചത്.
ഇപ്രകാരമാണ് കരിപ്പൂരിലെത്തിയതെന്നും വാങ്ങാനെത്തിയവര്‍ ആരാണെന്നത് സംബന്ധിച്ച് അറിയില്ലെന്നുമാണ് ഇവരുടെ മൊഴി.
കേരളം വഴി കടത്ത്
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളിലൂടെയും ലഹരികടത്ത് നടക്കുന്നുണ്ടെന്ന വിവരമാണ് ഡിആര്‍ഐയ്ക്ക് ലഭിച്ചത്.
കേരളം വഴി നേരത്തെയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ലഹരി കടത്തിയിട്ടുണ്ട്. പരിശോധന നടക്കുമെന്നറിയാമെങ്കിലും സ്ഥിരമായി ഒരു വിമാനതാവളം ലഹരിക്കടത്തിനായി തെരഞ്ഞെടുക്കുന്നത് അപകടമായതിനാലാണ് കേരളത്തെ ഇടത്താവളമാക്കുന്നത്.
ഇതുവരെ ഡിആര്‍ഐ പിടികൂടിയ മയക്കുമരുന്നു കേസുകളിലെല്ലാം തന്നെ ഉത്തരേന്ത്യന്‍ സംഘത്തിന്റെ പങ്ക് വ്യക്തമാണ്.
ആഫ്രിക്കയില്‍നിന്നു കേരളം വഴി എത്തിച്ച ഭൂരിഭാഗം മയക്കുമരുന്നുകളും മുംബൈയിലേക്കുള്ളതായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, രണ്ട് വിമാന താവളങ്ങളിലൂടെയും കടത്തിയത് രണ്ട് തരം മയക്കുമരുന്നുകളാണ്. അതിനാല്‍ ഓരേ സംഘമാണോ ഇവര്‍ക്ക് പിന്നിലുള്ളതെന്നത് ഇപ്പോഴും അവ്യക്തമാണ്.