മുംബൈ: മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിലെ ബാർജ് അപകടത്തിൽ മരിച്ചവരിൽ മലയാളിയും.
വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചതെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു.
ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ മുങ്ങിയ ബാർജിലെ ഒഎൻജിസി തൊഴിലാളികൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. പി-305 ബാർജിലെ 186 പേരെ ഇതിനകം രക്ഷപ്പെടുത്തി.
37 മൃതദേഹങ്ങൾ കണ്ടെത്തി. 38 തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്. എണ്ണ ഖനന പ്രവൃത്തികളിൽ ഏർപ്പെട്ട 261 പേരാണ് ഈ വന്പൻ ചങ്ങാടത്തിൽ ഉണ്ടായിരുന്നത്.
ചുഴലി വീശിയടിച്ച തിങ്കളാഴ്ച മുംബൈയിൽനിന്ന് 35 നോട്ടിക്കൽ മൈൽ അകലെ ഇതു മുങ്ങുകയായിരുന്നു. നാവികസേനയും തീരരക്ഷാ സേനയും ചേർന്ന് മൂന്നു ദിവസത്തെ ശ്രമഫലമായാണ് 186 പേരെ രക്ഷപ്പെടുത്തിയത്.
ഇവരെ നാവികസേനയുടെ ഐഎൻഎസ് കൊച്ചി എന്ന കപ്പലിൽ ഇന്നലെ മുംബൈ തുറമുഖത്ത് എത്തിച്ചു.
ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളും തീരത്തെത്തിച്ചിട്ടുണ്ട്. സമാനമായ അപകടത്തിൽ അകപ്പെട്ട മറ്റൊരു ബാർജ് ആയ ഗാൽ കണ്ടസ്ട്രക്ടറിലെ 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു.
മുംബൈയ്ക്കടുത്ത് നങ്കൂരമിട്ട മറ്റൊരു ബാർജും ഒരു റിഗ്ഗും അപകടത്തിൽപ്പെട്ടിരുന്നു. മരിച്ചവരെല്ലാം ഒരേ ബാർജിൽ ഉണ്ടായിരുന്നവരാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. ചുഴലിക്കാറ്റ് മുന്നറിയിപ്പു വന്നിട്ടും ബാർജ് പി-305 ഈ സ്ഥലത്തു തുടർന്നതിനെക്കുറിച്ച് മുംബൈ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.