ട്രയിൻ യാത്രയുമായി ബന്ധപ്പെട്ട പലതരം വാർത്തകളാണിപ്പോൾ വെെറലാകുന്നത്. കഴിഞ്ഞ ദിവസം ട്രയിൻ പാൻട്രിയിൽ ഓടികളിച്ച ഇത്തിരി കുഞ്ഞൻ എലികളുടെ വാർത്തയുടെ ചൂടാറും മുമ്പേ ഇതാ മറ്റൊരു വാർത്ത സമൂഹ മാധ്യമങ്ങളിൽ വെെറലാവുകയാണ്.
മുംബൈ ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിനുള്ളിൽ നിന്നെടുത്ത വീഡിയോ ആണിത്. സംഭവം അൽപം ഗൗരവമുള്ള കാര്യമാണ്.
ഓടിക്കൊണ്ടിരിക്കുന്ന ട്രയിനിൽ ഒരു ചെറുപ്പക്കാരൻ വാതിലിൽ നിന്നു ഫോൺ നോക്കുന്നതാണ് വീഡിയോയുടെ തുടക്കം. യുവാവിന്റെ മറ്റെ കയ്യിൽ ഒരു തുവാലയും പിടിച്ചിട്ടുണ്ട്. ഇടക്ക് ഇടക്ക് തുവാല മുഖത്തേക്ക് അടുപ്പിക്കുമുണ്ട്.
ഒറ്റ നോട്ടത്തിൽ യുവാവിന്റെ പെരുമാറ്റത്തിൽ ഭാവ പകർച്ച ഒന്നും തന്നെ തോന്നില്ല. യുവാല വെച്ച് മൂക്ക് തുടക്കുക ആണെന്നെ തോന്നുകയുള്ളു.
എന്നാൽ വീഡിയോ സൂക്ഷിച്ചു നോക്കുമ്പോൾ മനസിലാക്കാൻ സാധിക്കും അയാളുടെ കയ്യിലെ തുവാലയിൽ എന്തോ ഒന്നു പൊതിഞ്ഞു സൂക്ഷിച്ചിട്ടുണ്ട്. അതാണ് ഇടക്ക് ഇടക്ക് ഇയാൾ മണപ്പിക്കുന്നത്. തുണിയിൽ കരുതിയ മയക്കുമരുന്ന് ശ്വസിക്കുകയാണ് എന്ന പേരിലാണ് യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പരക്കുന്നത്.
“സിസ്റ്റം മാറ്റേണ്ടതുണ്ട്, റെയിൽവേ മന്ത്രാലയം, മഹാരാഷ്ട്ര സർക്കാർ, മുംബൈ പോലീസ് എന്നിവരുടെ ശ്രദ്ധയ്ക്ക്” എന്ന കുറിപ്പോടെയാണ് എക്സിൽ യുവാവിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സമൃദ്ധി താക്കറെ എന്ന എക്സ് ഉപഭോക്താവാണ് ഈ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ലോക്സഭാ എംപിയും എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റുമായ സുപ്രിയ സുലെ വീഡിയോയോട് പ്രതികരിച്ചിട്ടുണ്ട്.
സംഭവം ഭീതി ജനിപ്പിക്കുന്നതാണെന്നും ഒരേസമയം സ്ത്രീ സുരക്ഷയേയും ചെറുപ്പക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണന്നും സുപ്രിയ സുലെ പറഞ്ഞു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.