തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റ ഭൂമിക്ക് നോട്ടീസ് നൽകിയ നടപടിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ഉദ്യോഗസ്ഥർക്ക് രൂക്ഷ വിമർശനം. സർക്കാരിന്‍റെ നിർദ്ദേശങ്ങൾ ഒന്നും ഉദ്യോഗസ്ഥർ അനുസരിക്കുന്നില്ലെന്ന് ആമുഖ പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഇത് സംബന്ധിച്ച് എൽഡിഎഫ് ജില്ലാ കമ്മിറ്റി നൽകിയ പരാതി നൽകിയിട്ടുണ്ടെന്നും മൂന്നാർ പ്രശ്നത്തിൽ എല്ലാ കക്ഷികളുടെയും നേതാക്കളും വ്യാപാരി സംഘടന പ്രതിനിധികളും ഒപ്പുവച്ച് നിവേദനം ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ യോഗം വിളിക്കാൻ തീരുമാനിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
മൂന്നാർ ടൗണിലെ 22 സെന്‍റ് കൈയേറ്റ ഭൂമി ഒഴിപ്പിക്കാൻ റവന്യൂവകുപ്പ് നോട്ടീസ് നൽകിയതിനെതിരേ ഉടമകൾ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി നടപടി സ്വീകരിക്കട്ടെ എന്ന് യോഗത്തിൽ ധാരണയുണ്ടായി. ഈ മാസം നാലിനാണ് ഇത് സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നത്.
കുത്തക ഏലത്തോട്ടങ്ങളുടെ കരം നിയമതടസമില്ലെങ്കിൽ സ്വീകരിക്കാമെന്നും ഇക്കാര്യം പരിശോധിച്ച് ചെയ്യാനും യോഗത്തിൽ ധാരണയായി. എന്നാൽ ഇക്കാര്യത്തിൽ ഒരുപാട് നിയമപ്രശ്നങ്ങൾ വരുമെന്നാണ് റവന്യൂവകുപ്പിന്‍റെ വിശദീകരണം.
യോഗത്തിൽ സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരേ രൂക്ഷ വിമർശനമാണ് സിപിഎം ജില്ലാ നേതൃത്വം ഉന്നയിച്ചത്. എസ്.രാജേന്ദ്രൻ എംഎൽഎയാണ് ഉദ്യോഗസ്ഥനെതിരേ നിലപാട് സ്വീകരിച്ചത്. മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന കാര്യങ്ങൾ പോലും ഉദ്യോഗസ്ഥർ ചെയ്യുന്നില്ലെന്നായിരുന്നു വിശദീകരണം.