ലോകത്തിലെ ഏറ്റവും സുന്ദരിയായ ‘മമ്മി’യെന്ന വിശേഷണം ഒരു പെൺകുട്ടിക്കാണ്. ഇറ്റലിയിലെ റൊസാലിയ ലോംബാർഡോ.1918 ഡിസംബർ 13ന് ഇറ്റലിയിലെ ഒരു അതിസന്പന്ന കുടുംബത്തിലായിരുന്നു റൊസാലിയയുടെ ജനനം.
വീട്ടുകാർക്കെല്ലാം അവൾ ഏറെ പ്രിയപ്പെട്ടവളായിരുന്നു, അതിസുന്ദരിയും. എന്നാൽ രണ്ടു വയസു തികയുന്നതിനു മുന്പുതന്നെ അവളെ മരണം കവർന്നു.
രണ്ടാം പിറന്നാൾ ആഘോഷിക്കാൻ ഏതാനും ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോളാണ് അവൾക്ക് ബാധിച്ച സ്പാനിഷ് ഫ്ലൂ പാർഡമിക് എന്ന രോഗം ഗുരുതരമാവുകയും അത് പിന്നീട് ന്യൂമോണിയയായി മാറി ഗുരുതരാവസ്ഥയിലാകുകയും ചെയ്തത്.
പിറന്നാളിനു മുന്നേതന്നെ ആ കുഞ്ഞു മാലാഖ മരണപ്പെട്ടു. കൃത്യമായി പറഞ്ഞാൽ 1920 ഡിസംബർ ആറിനായിരുന്നു അവളുടെ മരണം.
വീട്ടുകാർക്കാർക്കും അവളുടെ മരണം താങ്ങാനായില്ല. മാതാപിതാക്കൾക്ക് അവളെ ഒരു നിമിഷംപോലും പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു.
അവളെ എന്നും കാണാനായി മകളുടെ മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കാൻ പിതാവ് മാരിയോ ലോംബാർഡോ തീരുമാനിച്ചു.
ഇറ്റാലിയൻ സേനയിലെ ഒരു ജനറലായിരുന്നു അദ്ദേഹം. അന്ന് എംബാം ചെയ്യുന്നതിന് അതിഭീമമായ തുക ചെലവിടേണ്ടി വരുമെന്നറിഞ്ഞിട്ടും മകളോടുള്ള സ്നേഹം മൂലം ഈ തീരുമാനത്തിൽ നിന്നു പിന്നോട്ടു പോകാൻ പിതാവ് തയാറായില്ല. വീട്ടുകാരും ഈ തീരുമാനത്തിന് പൂർണ പിന്തുണ നൽകി.
വളരെയധികം തെരഞ്ഞശേഷം എംബാം ചെയ്യുന്നതിൽ വിദഗ്ധനായ ആൽഫ്രഡോ സലാഫിയ എന്ന വ്യക്തിയെ കണ്ടെത്തി. അദ്ദേഹം മൃതദേഹം എംബാം ചെയ്യാമെന്നേറ്റു.
പ്രത്യേക രാസപദാർഥങ്ങളുടെ സഹായത്തോടെ അദ്ദേഹം മൃതദേഹം എംബാം ചെയ്യുകയും റോസാലിയയെ മനോഹരമായ വസ്ത്രങ്ങൾ ധരിപ്പിച്ച് ഒരു ചില്ലു പേടകത്തിലാക്കി തൊട്ടടുത്തുള്ള കപ്പൂച്ചിയൻ ദേവാലയത്തിൽ സൂക്ഷിക്കുകയും ചെയ്തു. മരിക്കുന്പോഴും പുഞ്ചിരിച്ച നിലയിലായിരുന്നു അവളുടെ കിടപ്പ്.
അടുത്തിടെ നടത്തിയ എക്സറേ-സിടി സ്കാൻ പരിശോധനകളിൽ അവളുടെ അവയവങ്ങളെല്ലാം അതേപടി ശരീരത്തിലുണ്ടെന്നു കണ്ടെത്തിയിരുന്നു.
റെസാലിയയുടെ മമ്മി വെറും കബളിപ്പിക്കലാണെന്നും വെറും മെഴുകു പ്രതിമ മാത്രമാണെന്നും വാദിച്ച ഒരു വിഭാഗത്തിനുള്ള മറുപടി കൂടിയായി ഇത്.
ആൽഫ്രഡോ സലാഫിയയ്ക്ക് എംബാം ചെയ്യുന്നതിലുണ്ടായിരുന്ന അതീവ വൈദഗ്ധ്യമാണ് ഇതു ചൂണ്ടിക്കാട്ടുന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നു.
മെഡിക്കൽ പഠനം നടത്താതെ സ്വന്തമായി കണ്ടെത്തിയ രീതികൾ ഉപയോഗിച്ചാണ് ആൽഫ്രഡോ കുട്ടിയുടെ ശരീരം മമ്മിയാക്കിയതത്രേ. സാധാരണ ഉള്ളിലുള്ള അവയവങ്ങൾ എടുത്തുകളഞ്ഞ ശേഷമാണ് എംബാം ചെയ്ത് മമ്മിയാക്കുന്നത്.
എന്നാൽ എല്ലാ അവയവങ്ങളും അതേപടി നിലനിർത്തിക്കൊണ്ടാണ് അദ്ദേഹം ഇതു ചെയ്തത്. അടുത്തിടെ എടുത്ത സിടി സ്കാൻ എക്സറേ പരിശോധനയിൽ കുട്ടിയുടെ തലച്ചോർ അന്പതു ശതമാനമായി ചുരുങ്ങി എന്നതൊഴിച്ചാൽ മറ്റ് അവയവങ്ങൾക്കൊന്നും ഒരു കേടുപാടുമില്ലത്രേ.
1933 ലാണ് ആൽഫ്രഡോ സലാഫിയ മരിക്കുന്നത്. എന്നാൽ മമ്മിയാക്കുന്ന വിദ്യ അദ്ദേഹം ആർക്കും പറഞ്ഞു കൊടുത്തിരുന്നില്ല.
ഒരു ബന്ധുവാണ് പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം സലാഫിയയെ മമ്മിയാക്കാനുപയോഗിച്ച രാസവസ്തുക്കളും രീതികളും കുറിച്ചിട്ട നോട്ട് ബുക്ക് വെളിച്ചത്തു കൊണ്ടുവന്നത്.
ഗ്ലിസറിൻ, സിങ്ക് ക്ളോറൈഡ് അടങ്ങിയ ഫോർമാലിൻ, സിങ്ക് സൾഫേറ്റ്, സാലിസിക് ആസിഡ് അടങ്ങിയ ആൽക്കഹോൾ എന്നിവയാണ് മമ്മിയാക്കാൻ ഉപയോഗിച്ചതെന്ന് ഈ നോട്ടുകളിൽനിന്നു തെളിഞ്ഞു.
ലോകത്തിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയായ മമ്മിയായാണ് റൊസാലിയയുടെ മമ്മി അറിയപ്പെടുന്നത്. കണ്ണുകൾ പാതി അടച്ച് ഒരു ചെറു പുഞ്ചിരിയോടെയുള്ള റൊസാലിയയുടെ മമ്മി ആയിരക്കണക്കിനു ചിത്രകാരന്മാരാണ് പല തരത്തിലുമുള്ള രചനകൾക്ക് ഉപയോഗിച്ചിട്ടുള്ളത്. ലക്ഷക്കണക്കിനു പെയിന്റിംഗുകളും മറ്റും റൊസാലിയുടേതായിട്ടുണ്ട്.
വടക്കൻ സിസിലിയിലെ പലേർമോയിലെ കപ്പൂച്ചിൻ ക്രിപ്ട് എന്നും കപ്പൂച്ചിൻ കാറ്റകോംപ് എന്നും അറിയപ്പെടുന്ന പുരാതന ദേവാലയത്തിലെ ഭൂഗർഭ അറയിലാണ് ഈ പെൺകുട്ടിയുടെ ശരീരം സംരക്ഷിച്ചിരിക്കുന്നത്.
കപ്പൂച്ചിൻ കല്ലറയിൽ ഏകദേശം 8,000 മൃതദേഹങ്ങളും 1,284 മമ്മികളും ഉണ്ട്. കല്ലറയിലെ ഏറ്റവും പ്രായം കുറഞ്ഞ മമ്മി റൊസാലിയയുടേതാണ്. എന്നാൽ റൊസാലിയയെപോലെ ഇത്ര നന്നായി ഒരു മമ്മിയും ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടില്ല.
റൊസാലിയയുടെ മൃതശരീരം നശിക്കുന്നത് തടയാൻ ശവപ്പെട്ടിയിൽ നൈട്രജൻ നിറച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. റോസാലിയ ഒരു പ്രേതബാധയുള്ള പെൺകുട്ടിയാണെന്ന പ്രചാരണവുമുണ്ടായി.
റൊസാലിയ തങ്ങൾക്കുനേരേ കണ്ണുചിമ്മിയെന്ന് ചിലർ പറഞ്ഞതായി നേരത്തെ വ്യാപക പ്രചാരണവുമുണ്ടായിരുന്നു.കുട്ടി മരണമടയുകയും മമ്മിയാക്കുകയും ചെയ്തപ്പോൾ പാതി അടഞ്ഞ നിലയിലായിരുന്നു അവളുടെ കണ്ണുകൾ.
ഈ കണ്ണുകളിൽ പ്രകാശരശ്മി തട്ടി പ്രതിഫലിക്കുന്പോഴാണ് അവൾ കണ്ണടച്ചതായി തോന്നുന്നതെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.
ഏതായാലും ആയിരക്കണക്കിനാളുകളാണ് ഈ മമ്മി കാണുന്നതിനായി എത്തുന്നത്. ചെറു പുഞ്ചിരിയോടെ സന്ദർശകരെ വരവേൽക്കുകയാണ് റോസാലിയ ഇപ്പോഴും.
തയാറാക്കിയത്- എസ്. റൊമേഷ്