മംഗളൂരു: വ്യവസായിയും മിസ്ബാഹ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചെയർമാനുമായിരുന്ന മുംതാസ് അലിയുടെ മരണവുമായി ബന്ധപ്പെട്ട് മലയാളി യുവതിയും ഭർത്താവും ഉൾപ്പെടെ മൂന്നുപേരെ മംഗളൂരു പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശിനിയായ റഹ്മത്ത് എന്ന ആയിഷ, ഭർത്താവ് ഷുഹൈബ്, സിറാജ് എന്നിവരാണ് കേരള അതിർത്തിക്കു സമീപം കല്ലടുക്കയിൽ നിന്ന് പിടിയിലായത്.
സംഭവത്തിലെ പ്രധാന സൂത്രധാരനായ അബ്ദുൽ സത്താറിനായി അന്വേഷണം തുടരുകയാണ്. പല ആവശ്യങ്ങളും പറഞ്ഞ് മുംതാസ് അലിയെ ചെന്നുകണ്ട റഹ്മത്തുമൊത്തുള്ള ഫോട്ടോകളും ചില പോൺ വീഡിയോകളും ഉപയോഗിച്ച് അലിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ സത്താറിന്റെ നേതൃത്വത്തിലാണ് പദ്ധതി തയാറാക്കിയതെന്ന് അലിയുടെ കുടുംബാംഗങ്ങൾ പോലീസിന് പരാതി നല്കിയിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തനിക്കെതിരായി അപവാദപ്രചാരണം നടത്തുമെന്ന ഭീഷണി ഭയന്ന് നേരത്തേ മുംതാസ് അലി ഈ സംഘത്തിന് 50 ലക്ഷം രൂപ നല്കിയിരുന്നു. പിന്നീട് വീണ്ടും പണമാവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ് തുടങ്ങിയതോടെയാണ് അലി കഴിഞ്ഞ ദിവസം മംഗളൂരുവിലെ ഫാൽഗുനി നദിയിൽ ചാടി ജീവനൊടുക്കിയത്.
നടന്ന സംഭവങ്ങളെല്ലാം വിവരിച്ചുകൊണ്ട് അലി തന്റെ മകൾക്കും ഒരു സുഹൃത്തിനും ഇതിനുമുമ്പ് ശബ്ദസന്ദേശങ്ങൾ അയച്ചിരുന്നു. സത്താറും റഹ്മത്തും ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഇതിൽ എടുത്തുപറഞ്ഞിരുന്നു.
അലിയുടെ മരണവിവരം അറിഞ്ഞയുടൻ കാസർഗോട്ടേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് റഹ്മത്തും ഭർത്താവും പിടിയിലായത്. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന മൊഹിയുദ്ദീൻ ബാവയുടെ ഇളയ സഹോദരനാണ് മരിച്ച മുംതാസ് അലി.