കൊച്ചിയില്‍ നിന്ന് നടത്തുന്ന രാജ്യാന്തര മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുനമ്പം വഴിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പുറപ്പെട്ടതെന്നാണ് വിവരം. കൊച്ചി വഴി മുമ്പും മനുഷ്യക്കടത്ത് നടത്തിയവര്‍ തന്നെയാണ് ഇപ്പോഴത്തെ രാജ്യാന്തര കുടിയേറ്റ ശ്രമത്തിന് പിന്നിലും എന്നാണ് വിവരം.
രണ്ടുദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മത്സ്യബന്ധനബോട്ടില്‍ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നല്‍കിയത്.
ഓസ്ട്രേലിയയില്‍ നിന്ന് 1538 നോട്ടിക്കല്‍ മൈല്‍ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പോയെതെന്നാണ് പോലീസ് സംശയിക്കുന്നത്. ഓസ്ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്റെ ഇടനാഴിയാണ് ഈ ദ്വീപ്. തമിഴ്നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരാണ് ജയമാതാ ബോട്ടില്‍ കൊച്ചി തീരം വിട്ടതെന്നും സംശയിക്കുന്നു. ഇത്തരം ക്യാമ്പുകളിലെ നിരവധിപ്പേര്‍ മുമ്പും കൊച്ചി വഴി സമാനരീതിയില്‍ ഓസ്ട്രേലിയയിലേക്ക് പോയതാണ് ഇത്തരമൊരു സംശയത്തിന് കാരണം.
ഇതിനിടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 42 പേരെക്കുറിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. നെടുമ്പാശേരി വിമാനത്താവളം വഴി ചിലര്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സംഘത്തില്‍ ഒരു ഗര്ഭിണിയുണ്ടെന്നും ഇവര്‍ ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ എത്തിയിരുന്നതായും പോലീസ് സംശയിക്കുന്നു.
പുറപ്പെട്ട 42 പേരും മുനമ്പത്തുനിന്നല്ല ബോട്ടില്‍ കയറിയതെന്നാണ് കരുതുന്നത്. പ്രദേശവാസികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ സമീപത്തെ വിവിധ തീരങ്ങളിലേക്ക് ബോട്ട് അടുപ്പിക്കുകയായിരുന്നു. അതേസമയം, മനുഷ്യക്കടത്ത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. 16 അംഗ അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല.
മനുഷ്യക്കടത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുനമ്പം തീരത്ത് സുരക്ഷാ പരിശോധന പേരിനു പോലുമില്ലെന്ന റിപ്പോര്‍ട്ടും ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നുണ്ട്. വന്നു പോകുന്ന ബോട്ടുകളുടെ കണക്ക് പോലീസിനോ ഫിഷറീസ് വകുപ്പിനോ അറിയില്ല. കടല്‍മാര്‍ഗം ആര്‍ക്കും എന്തു പ്രവര്‍ത്തനവും നടത്താവുന്ന സ്ഥിതിയാണ് മുനമ്പത്തുളളതെന്ന് നാട്ടുകാരും പറയുന്നു. അതേസമയം മനുഷ്യക്കടത്തന്വേഷണത്തിന്റെ ഭാഗമായി ഒരു ബോട്ടു കൂടി പോലീസ് കസ്റ്റഡിലെടുത്തു.
മിക്ക തീരദേശ സംസ്ഥാനങ്ങളില്‍ നിന്നും മല്‍സ്യബന്ധന ബോട്ടുകള്‍ വന്നു കയറുന്ന ഇടമാണ് മുനമ്പം . പക്ഷേ വരുന്നതും പോകുന്നതുമായ ബോട്ടുകള്‍ക്കൊന്നും ഒരു കണക്കുമില്ല, ആരുടെയും കയ്യില്‍. പോലീസിന്റെ പക്കല്‍ മാത്രമല്ല ഫിഷറീസ് വകുപ്പിന്റെ പക്കലുമില്ല ബോട്ടുകളുടെ വിവരങ്ങള്‍ .
മുനമ്പം കേന്ദ്രീകരിച്ച് മനുഷ്യക്കടത്തു നടക്കുന്നുണ്ടെന്ന സംശയങ്ങള്‍ ഏറെ നാളായി ശക്തമായിട്ടും പോലീസോ ഇന്റലിജന്‍സ് ഏജന്‍സികളോ ഇത് കാര്യമായെടുക്കാന്‍ പോലും തയാറായില്ല. ഈ വീഴ്ച കൊണ്ടു കൂടിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നതെന്ന് വ്യക്തം.