മുനമ്പം കടലിൽ മുങ്ങിയ ഫൈബര്‍ വള്ളത്തിൽ നിന്നു കാണാതായ മത്സ്യത്തൊഴിലാളികളില്‍ രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് മുനമ്പം അഴിമുഖത്തിനടുത്ത് അപകടം ഉണ്ടായത്.
ഏഴ് പേരടങ്ങുന്ന വള്ളമാണ് മുങ്ങിയത്. മൂന്ന് പേരെ വ്യാഴാഴ്ച രാത്രി തന്നെ രക്ഷപ്പെടുത്തി.മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി ഷാജി, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കണ്ടെത്താനുള്ളത്.
രാവിലെ ആറ് മണി മുതല്‍ കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ ആരംഭിച്ചു. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശികളായ കൊല്ലംപറമ്പിൽ സഹജന്റെ മകൻ ശരത് (അപ്പു -24), ചേപ്പളത്ത് മോഹനൻ (55) എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തി.
മുനമ്പം ബോട്ടപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയിട്ടില്ലായെന്നും കടല്‍ സുരക്ഷയ്ക്ക് വേണ്ട എല്ലാ സംവിധാനങ്ങളും നിലവിലുണ്ടെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു. അപകടത്തില്‍പ്പെട്ടവര്‍ക്ക് നീന്തലില്‍ പരിചയ കുറവാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ബൈജു പറഞ്ഞു.