കൊച്ചി: മുനമ്പത്തുനിന്ന് മുമ്പും മനുഷ്യക്കടത്ത് നടന്നെന്ന് സ്ഥിരീകരിച്ച് പ്രതി. കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രഭുവാണ് മൊഴി നൽകിയത്. 2013ൽ മുനമ്പത്ത് നിന്ന് മത്സ്യബന്ധന ബോട്ടിൽ 70 പേർ പോയി. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്കാണ് അവർ പോയതെന്നും മുഖ്യപ്രതി പ്രഭു മൊഴി നൽകി.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതിയുടെ വെളിപ്പെടുത്തൽ. താനും കൂടി ഉൾപ്പെട്ട സംഘമാണ് ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ എന്നാല്‍ ഓസ്ട്രേലിയന്‍ സേന പിടികൂടി അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റി. അഭയാര്‍ത്ഥി വിസയില്‍ രണ്ടരവര്‍ഷം ജോലിചെയ്തു. ഇതിനുശേഷം രണ്ടു ലക്ഷത്തോളം രൂപ തിരിച്ചയച്ചെന്നും പ്രഭു പോലീസിന് മൊഴി നല്കി.
മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഓസ്ട്രേലിയയിലേക്കു കടന്നുവെന്നു സംശയിക്കുന്ന 80 പേരുടെ പട്ടിക തയാറായി. അന്വേഷണസംഘത്തിന് ഇവരുടെ ചിത്രവും ലഭിച്ചിട്ടുണ്ട്. ബോട്ടിൽ 120 ഓളം പേരെങ്കിലുമുണ്ടാകുമെന്നാണു പോലീസ് നിഗമനം. ഓസ്ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപ് ലക്ഷ്യമാക്കിയാണ് സംഘം കടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ബോട്ട് കണ്ടെത്താനായി നാവികസേനയും കോസ്റ്റ് ഗാർഡും തെരച്ചിൽ തുടരുകയാണ്. മനുഷ്യക്കടത്തിലെ മുഖ്യസൂത്രധാരനായ ശ്രീകാന്തനെയും കൂട്ടാളികളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണു സൂചന.