വൈപ്പിൻ : മുനന്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ബോട്ട് ബ്രോക്കർമാരെ മുനന്പം പോലീസ് കസ്റ്റഡിയിലെടുത്തു.മാല്യങ്കര സ്വദേശിയായ ഒരാളും പള്ളിപ്പുറം സ്വദേശിയായ മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്. മനുഷ്യക്കടത്ത് റാക്കറ്റിൽ പോലീസ് അന്വേഷിക്കുന്ന മുഖ്യ പ്രതി ശ്രീകാന്തനുമായി പലകുറി ഫോണിൽ സംസാരിച്ചതായി തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ പോലീസ് ഇവരെ ചോദ്യം ചെയ്യാൻവേണ്ടിയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
ശ്രീലങ്കൻ അഭയാർഥികളെ മുനന്പം വഴി ഒാസ്ട്രേലിയയിലേക്ക് കടത്താനായി മുനന്പം സ്വദേശിയിൽനിന്നും ദയാമാതാ എന്നമത്സ്യബന്ധനബോട്ട് ശ്രീകാന്തൻ വാങ്ങിയത് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുളള രണ്ട് ബ്രോക്കർമാർ മുഖേനയാണെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ അഭയാർഥികൾ താമസിച്ചിരുന്ന ചെറായി ബീച്ചിൽ പോലീസ് അടച്ചു മുദ്രവെച്ച ആറു റിസോർട്ടുകളിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്ന കംപ്യൂട്ടറുകളുടെ ഹാർഡ് ഡിസ്കിൽ നിന്നും ശ്രീലങ്കൻ അഭയാർഥികളുടെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു . പലതിലും മുഖം വ്യക്തമല്ലാത്തിനാൽ ദൃശ്യങ്ങൾ പോലീസിനു അന്വേഷണത്തിനു കാര്യമായി ഫലം ചെയ്യുകയില്ലെന്നാണ് സൂചന. മാത്രമല്ല കാമറകൾ പലതും ഗുണനിലാവരമില്ലാത്തതായതിനാൽ രാത്രികാല ദൃശ്യങ്ങൾ തീരെ വ്യക്തമല്ല.
കൂടാതെ റിസപ്ഷനിൽ വെക്കുന്ന കാമറ പലയിടത്തും പുറത്ത് നിന്നും എത്തി റിസപ്ഷൻ കൗണ്ടറിൽ നിൽക്കുന്നവരുടെ മുഖം വ്യക്തമായി കാണുന്ന രീതിയില്ലായിരുന്നത്രേ. ഈ സാഹചര്യത്തിൽ ഹോം സ്റ്റേകളിലെയും റിസോർട്ടുകളിലേയും സിസിടിവി കാമറകൾ ഗുണനിലവാരമുള്ളതും ഇവ വ്യക്തമായി ദൃശ്യങ്ങൾ പതിയുന്ന രീതിയിൽ സ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് മുനന്പം പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പല റിസോർട്ടുകളിൽ കുറ്റമറ്റ കാമറാ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.