ആലുവ: മുനന്പം മനുഷ്യക്കടത്തിന്റെ അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൽടിടിഇയിലേക്കും നീളുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നും ശ്രീലങ്കൻ ബന്ധം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ട് നല്കിയതായിട്ടാണ് സൂചന. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യും കേസിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
മുനന്പം മനുഷ്യക്കടത്തിന്റെ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്ന എറണാകുളം റൂറൽ എസ്പി ഓഫീസിൽ നേരിട്ടെത്തിയാണ് കേന്ദ്ര ഏജൻസികൾ കേസ് വിലയിരുത്തിയത്. ഇതിനിടയിൽ മുനന്പം ഫിഷിംഗ് ഹാർബറിൽ നിന്നും പുറപ്പെട്ട ദയാമാതയെന്ന ബോട്ട് ഇൻഡോനേഷ്യയുടെ അതിർത്തിയിൽ എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
അതേസമയം, മനുഷ്യക്കടത്തിലെ മുഖ്യ ഇടനിലക്കാരനെന്ന് സംശയിക്കുന്ന തമിഴ് വംശജൻ രവി സന്ദിപ് രാജ (31) യെ ഇന്നു പുലർച്ചെ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. ന്യൂഡൽഹി അംബേദ്കർ കോളനിയിൽ നിന്നും രവിയെ ഇന്നലെയാണ് കേരള പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളാണ് പ്രധാന ഏജന്റെന്നാണ് പോലീസിന്റെ നിഗമനം.
ഡൽഹിയിലെ ഒരു കോളനിയിൽ നിന്നു മാത്രമായി മുന്നൂറോളം പേർ ഓസ്ട്രേലിയയിലേക്ക് കടന്നതായി പ്രദേശവാസികൾ അന്വേഷണ സംഘത്തിന് വിവരം നല്കി. നേരത്തേ ഈ കോളനിയിൽ നിന്നും പിടികൂടിയ പ്രഭു ദണ്ഡപാണിയെ ഉന്നത പോലീസ് സംഘം കസ്റ്റഡിയിൽ ചോദ്യംചെയ്തു വരികയാണ്. അംബേദ്കർ കോളനിയിലെ പല വീടുകൾ അടഞ്ഞുകിടക്കുന്നതും പ്രദേശവാസികളുടെ നിസഹകരണവും അന്വേഷണത്തിനു തടസമാകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ നല്കുന്ന സൂചന.
കേസിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശി ശ്രീകാന്തൻ ഒളിവിലാണ്. ഇയാളുടെ തിരുവനന്തപുരത്തെ വീട് പരിശോധിച്ചപ്പോൾ ലഭിച്ച ചില തെളിവുകളാണ് എൽടിടിഇ ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ഇയാളുടെ സഹായിയായ ബോട്ടുടമ അനിൽകുമാറിനെയും ചോദ്യം ചെയ്തു വരികയാണ്.
മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ദയമാതാ ബോട്ട് ശ്രീകാന്തും അനിൽകുമാറും ചേർന്ന് വാങ്ങി രൂപമാറ്റം വരുത്തിയാണ് മനുഷ്യക്കടത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പ്രഭുവും രവിയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ഓസ്ട്രേലിയ ലക്ഷ്യമാക്കിയുള്ള ബോട്ടിന്റെ യാത്ര കനത്ത സുരക്ഷാ നിരീക്ഷണങ്ങൾ ഉള്ള ആന്ധ്ര, ശ്രീലങ്ക തീരങ്ങൾ ഒഴിവാക്കിയാണ് മുന്നോട്ട് പോകുന്നത്. ആലുവയിലെത്തിച്ച രവിയെ ഇന്ന് ഐജി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. ഡൽഹിയെ കൂടാതെ ബോട്ടിൽ കടന്നവരുടെ തമിഴ്നാട്, ശ്രീലങ്ക ബന്ധം പരിശോധിക്കാൻ കോയന്പത്തൂർ, ചെന്നൈ, കന്യാകുമാരി എന്നിവിടങ്ങളിലും റൂറൽ പോലീസിന്റെ അന്വേഷണം തുടരുകയാണ്.