വൈപ്പിൻ: മുനന്പത്തുനിന്നു പിടിയിലായ തമിഴ് ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം എൻഐഎയ്ക്ക് കൈമാറിയേക്കുമെന്ന് സൂചന.
സംഘത്തിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് റൂറൽ എസിപി കെ. കാർത്തിക് ഡിവൈഎസ്പി ജി. വേണു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കേസുമായി ബന്ധപ്പെട്ട് സംസ്ഥാനന്തര ബന്ധങ്ങളുള്ള നിരവധി കണ്ണികൾ ഉണ്ടെന്നുള്ള ചില കണ്ടെത്തലുകൾ ഉള്ളതായി അറിയുന്നു.
ഇതാണ് കേസ് എൻഐഎയ്ക്ക് കൈമാറിയേക്കുമെന്ന് സൂചനകൾ നൽകുന്നത്. ആലുവ സ്വദേശിയായ ഒരാളാണ് ക്വട്ടേഷൻ ഏൽപ്പിച്ചതെന്ന് സംഘം പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇയാൾ ഒളിവിലാണ്.
എന്നാൽ സംഘം വധിക്കാനെത്തിയ ഗുണ്ടാനേതാവും ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന നേതാവുമായ ആളുടെ കേസ് ഫയലുകൾ പരിശോധിച്ച പോലീസിനു ഇത് വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞിട്ടില്ല. ഗുണ്ടാ നേതാവിനു കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പിൽ രവി പൂജാരിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉണ്ടായിരുന്നതാണ്.
കൂടാതെ ഇയാൾക്ക് നേരെ വിരൽ ചൂണ്ടുന്ന മംഗ്ലൂരിൽ നടന്ന ഒരു കൊലപാതക കേസ്, സ്വർണക്കടത്ത് കേസുകൾ, തോക്ക് കേസ്, കൂടാതെ ജില്ലയിലെ തന്നെ മറ്റ് നിരവധി കേസുകൾ എന്നിവ പോലീസ് പരിശോധിച്ചതിൽ നിന്നാണ് ക്വട്ടേഷനു പിന്നിൽ സംസ്ഥാനന്തര ബന്ധമുണ്ടെന്ന സംശയം ഉടലെടുത്തത്.
മാത്രമല്ല സംഘം മൂന്ന് ലക്ഷം രൂപക്കാണ് ക്വട്ടേഷൻ എടുത്തതെന്ന് പറയുന്നുണ്ടെങ്കിലും ഇത് അഡ്വാൻസ് മാത്രമാണെന്നാണ് സൂചന. 30 ലക്ഷമാണത്രേ ക്വട്ടേഷൻ തുക. തുകയുടെ വലിപ്പവും ക്വട്ടേഷനു സംസ്ഥാനന്തര ബന്ധമുള്ളതായി സംശയം ജനിപ്പിക്കാൻ ഇടയാക്കി.
ഇതു കൂടാതെ കുറച്ച് നാൾ മുന്പ് പറവൂരിൽ റെന്റ് എ കാർ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന ഒരു കൊലപാതകത്തിന്റെ ബന്ധങ്ങളും പോലീസ് പരിശോധിച്ചു വരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ആദ്യ യോഗം ഇന്നലെ എസ്പി വിളിച്ചു ചേർത്തിരുന്നു.
പ്രാഥമിക അന്വേഷണങ്ങളിലെ ചില കണ്ടെത്തലുകളും വൈരുധ്യങ്ങളും സത്യാവസ്ഥകളും യോഗം ഇന്നലെ ചർച്ച ചെയ്തതായാണ് അറിവ്.
സംഘത്തിൽ പലരും തമിഴ് നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് ഉണ്ടെന്ന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇനി വിശദമായ മറ്റ് നടപടികളിലേക്ക് നീങ്ങണമെങ്കിൽ പിടിയിലായ തമിഴ് സംഘത്തിന്റെ പൂർണമായ ഡാറ്റകളും മറ്റ് വിശദ വിവരങ്ങളും ചെന്നെയിൽനിന്ന് എത്തണം.
ഇതിനായി കാക്കുകയാണ് അന്വേഷണ സംഘം. ഇതിനിടെ 14 ദിവസത്തേക്ക് റിമാന്റിൽ പോയ ക്വട്ടേഷൻ സംഘത്തെ വീണ്ടും ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നറിയുന്നു.