വൈപ്പിൻ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങൾ കരിനിഴൽ വീഴ്ത്തിയ മുനന്പം അഴിമുഖത്തു സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം. സമുദ്രാതിർത്തി കടന്നെത്തുന്നവർക്കു മുനന്പം അഴിയിൽകൂടി യാതൊരു പ്രതിബന്ധവും കൂടാതെ അനായാസം ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്ന സ്ഥിതിയാണു നിലവിലുള്ളതെന്നു പരന്പരാഗത മത്സ്യമേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
നൂറുകണക്കിനു മത്സ്യബന്ധന യാനങ്ങൾ യാതൊരു പരിശോധനകളുമില്ലാതെ രാപകൽ വ്യത്യാസമെന്യേ മുനന്പത്തു കടലിലേക്കു പോകുകയും വരികയും ചെയ്യുന്നു. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും രംഗത്തുണ്ടെങ്കിലും ഇവരുടെ പ്രവർത്തനം പരിമിതമാണ്.
ട്രോളിംഗ് നിരോധനകാലത്തു ബോട്ടുകൾ കടലിൽ പോകുന്നതു തടയാനും അപകടത്തിൽപ്പെടുന്ന മത്സ്യബന്ധന യാനങ്ങളെ രക്ഷപ്പെടുത്താനുമായി മാത്രം ഇവരുടെ സേവനങ്ങൾ ഒതുങ്ങിനിൽക്കുന്നു. സുരക്ഷാ നിരീക്ഷണങ്ങൾക്കുള്ള ആധുനിക സംവിധാനങ്ങളൊന്നുംതന്നെ ഇവരുടെ കൈവശമില്ല.
മുനന്പത്തുള്ളമത്സ്യബന്ധന യാനങ്ങളിൽ ഭൂരിഭാഗവും ബേനാമി ഉടമസ്ഥതയിലുള്ളതാണ്. യഥാർഥ ഉടമയാരെന്നോ എവിടെ നിർമിച്ചുവെന്നോ യാനങ്ങളുടെ ഘടന എന്താണെന്നോ ആരെല്ലാമാണു മത്സ്യബന്ധനം നടത്തുന്നതെന്നോ ഒന്നുംതന്നെ ഒരു സർക്കാർ ഏജൻസിക്കും അറിയാൻ പാടില്ല. പല ബോട്ടുകൾക്കും ഫിഷറീസിന്റെ ലൈസൻസുമില്ല.
തൊഴിലെടുക്കുന്നവരിൽ 90 ശതമാനവും ഇതരസംസ്ഥാനക്കാരാണ്. ഇതിൽ 70 ശതമാനത്തോളം തമിഴ്നാട്ടുകാരാണ്. ബാക്കി 20 ശതമാനം പേർ വടക്കേ ഇന്ത്യൻ തൊഴിലാളികളും. ഇവർക്കിടയിൽ മലയാളികൾ കേവലം 10 ശതമാനം മാത്രം. അനുബന്ധമേഖകളിലും 50 ശതാനത്തോളം തൊഴിലാളികൾ ഇതരസംസ്ഥാനക്കാർതന്നെ. ഇവർക്കിടയിൽ നുഴഞ്ഞുകയറ്റക്കാരെ കണ്ടുപിടിക്കാൻ ഒരു മാർഗവുമില്ല.
തൊഴിലാളിക്ഷാമം രൂക്ഷമായ മത്സ്യബന്ധന മേഖലയിൽ മേൽവിലാസം തിരക്കാതെതന്നെ വരുന്നവരെയെല്ലാം പണിക്കുനിർത്താൻ തൊഴിലുടമകൾ നിർബന്ധിതരാകുന്നു. സുരക്ഷാഭീഷണി ഒഴിവാക്കാൻ അധികൃതർ കണ്ണു തുറക്കേണ്ടതുണ്ടെന്നു പരന്പരാഗത മത്സ്യത്തൊഴിലാളികളും നാട്ടുകാരും മുന്നറിയിപ്പു നൽകുന്നു.