കാട്ടൂർ: കരുവന്നൂർ പുഴയുടെ കൈചാലിൽ വർഷത്തിൽ ഒരിക്കൽ പണിയുന്ന മുനയം താത്കാലിക ബണ്ടിനു പകരം സ്ഥിരം സംവിധാനമായ റഗുലേറ്റർ കം ബ്രിഡ്ജ് വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനു ഇനിയും പരിഹാരമായില്ല. സ്ഥിരം സംവിധാനം ഇല്ലാത്തതിനാൽ കൃത്യസമയത്ത് ചാലിലെ വെള്ളം തടഞ്ഞുനിർത്താൻ കഴിയാതെ ഉപ്പുവെള്ളം കയറുന്നതു വർഷങ്ങളായുള്ള പതിവാണ്.
ഡിസംബർ മാസത്തിൽ മുനയത്ത് താത്്കാലിക ബണ്ട കെട്ടി വേലിയേറ്റ സമയത്ത് കടലിൽനിന്നും ഉപ്പുവെള്ളം കയറുന്നത് തടയുകയും മഴക്കാലത്ത് ബണ്ട് പൊട്ടിക്കുകയുമാണ് വർഷങ്ങളായുള്ള ഇവിടത്തെ രീതി. ബണ്ട് കെട്ടി തീരുന്പോഴേക്കും പതിവുപോലെ ഉപ്പുവെള്ളം കയറുന്നത് പലപ്പോഴും നാട്ടുകാരെ ദുരിതത്തിലാക്കാറുണ്ട്.
ബണ്ട ് നിർമാണം വൈകിയാൽ ഓര് വെള്ളം കയറി കാട്ടൂർ, കാറളം, അന്തിക്കാട്, പഴുവിൽ, താന്ന്യം തുടങ്ങിയ പ്രദേശങ്ങളിലെ നെൽകൃഷിയെ ബാധിക്കും. താന്ന്യം, ചാഴൂർ, അന്തിക്കാട് എന്നീ പഞ്ചായത്തുകളിൽ കുടിവെള്ളം കരുവന്നൂർ ഇല്ലിക്കൽ പ്ലാന്റിൽ നിന്നാണ്. ഓരോ വർഷവും മുനയത്ത് ഏതാനും മാസത്തേക്കു താത്കാലിക ബണ്ട് കെട്ടുന്നതിനു ലക്ഷകണക്കിനു രൂപയാണ് ചെലവഴിക്കുന്നത്.
കഴിഞ്ഞവർഷം 33 ലക്ഷം രൂപ ചെലവഴിച്ചാണു താത്കാലിക ബണ്ട ് കെട്ടിയത്. മേജർ ഇറിഗേഷൻ വകുപ്പിനാണു ഇവിടെ താത്കാലിക ബണ്ട ് കെട്ടുന്നതിനുള്ള ചുമതല. എന്നിട്ടും ഇതു കൃത്യസമയത്ത് പലപ്പോഴും നടക്കാതാവുന്പോൾ കനാലിൽ ഉപ്പുവെള്ളം കയറുകയും ആയിരക്കണക്കിനു കുടുംബങ്ങളുടെ ശുദ്ധജലം മുടങ്ങുന്നതും തുടരുന്നതിനാലാണ് ഇവിടെ സ്ഥിരം സംവിധാനം എന്ന ആവശ്യം ശക്തമാവുന്നത്.
അധികൃതർ പലതവണ ഉറപ്പുനൽകിയെങ്കിലും ഇതെല്ലാം ജലരേഖയായി മാറിയിരിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥിരസംവിധാനം ഒരുക്കുന്നതിനു 2017-18 ലെ ബജറ്റിൽ തുക വകയിരുത്തിയിരുന്നു. 2016 ൽ ഇവിടെ സ്ഥലപരിശോധനയും നടന്നു. ഇതേത്തുടർന്ന് നബാർഡിൽനിന്നും 27 കോടി രൂപ അനുവദിച്ചിട്ടുണ്ട ്. ഷട്ടർ സംവിധാനത്തിൽ ആധുനിക സാങ്കേതികവിദ്യ ഒരുക്കുന്പോൾ 30 കോടി രൂപ ചെലവുവരും.
ആറുകോടി രൂപയുടെ അധിക ചെലവാണ് പഴയ പദ്ധതിയിൽനിന്നും ആധുനിക സംവിധാനം നടപ്പിൽവരുത്തുന്പോൾ അധികമായി വരുന്നത്. പുതുക്കിയ സ്കെച്ചും പ്ലാനും ഇറിഗേഷൻ ചീഫ് എൻജിനീയർക്ക് നൽകിയിട്ടുണ്ട ്. അഞ്ചു മീറ്റർ വീതിയിൽ 85 മീറ്റർ നീളത്തിൽ കാട്ടൂർ പഞ്ചായത്തിനെയും താന്ന്യം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വിധത്തിലാണു ബണ്ടിന്റെ നിർമാണം ആവശ്യമായി വരുന്നത്. എത്രയും പെട്ടന്ന് ഇതിന്റെ നടപടികൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.