ചെറായി: മുനന്പം മുസിരിസ് ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് കാഴ്ചകൾ നിരവധിയാണ് പക്ഷേ ഇതിനിടയിൽ ശങ്ക തോന്നിയാൽ അകറ്റാൻ ഇവിടെ ഇടമില്ല. ശുചിമുറിയും, മൂത്രപ്പുരകളുമില്ലാത്തതിനാൽ ബീച്ചിലെത്തുന്ന സഞ്ചാരികൾ ശങ്കയെ പിടിച്ചുനിർത്തുകയേ രക്ഷയുള്ളൂ.
വർഷങ്ങൾക്ക് മുന്പ് തന്നെ ശുചിമുറിയും മൂത്രപ്പുരയും നിർമിച്ചിട്ടുണ്ടെങ്കിലും മറ്റു സംവിധാനങ്ങൾ പൂർത്തിയാകാത്തതിനാൽ ഇതൊന്നും പ്രവർത്തിക്കുന്നില്ല. മോടി പിടിപ്പിക്കാനായി നിരത്തിയ ടൈലുകൾ പലതും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. പരിസരമാകെ കാടുപിടിച്ചിട്ടും ഇതൊന്ന് വെട്ടിത്തെളിക്കാനോ പാഴടഞ്ഞുപോയ കുട്ടികളുടെ പാർക്ക് അറ്റകുറ്റപ്പണികൾ നടത്താനോ ഡിടിപിസിക്ക് പദ്ധതികളൊന്നുമില്ല.
ഫുഡ് കോർട്ടുകൾക്ക് വേണ്ടി പണിതിട്ടിരിക്കുന്ന കെട്ടിടങ്ങളും നശിക്കുകയാണ്. ബീച്ചിലെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും മതിയായ പാർക്കിംഗ് സൗകര്യവും മുനന്പം മുസിരിസ് ബീച്ചിലില്ല. വാക്ക് വേയിലെ ലൈറ്റുകൾ ഒന്നും തന്നെ തെളിയാത്തതിനാൽ സന്ധ്യയായാൽ ബീച്ചിൽ കൂരിരുട്ടാണ്. ഇതാകട്ടെ അസ്തമയവും മറ്റും കാണാൻ വേണ്ടി ബീച്ചിലെ പുലിമുട്ടിൽ തന്പടിക്കുന്ന ടൂറിസ്റ്റുകളെ ബുദ്ധിമുട്ടിലാക്കുന്നു.
ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങൾ കുറ്റമറ്റതാക്കണമെന്നാണ് കോണ്ഗ്രസ് ആവശ്യപ്പെടുന്നത്. മുനന്പം പള്ളിപ്പുറം മേഖലയിലെ ചരിത്ര സ്മാരകങ്ങളും വിവിധ മതസ്ഥാപനങ്ങളും ചരിത്രപരമായ പ്രദേശങ്ങളും കൂട്ടിയിണക്കിക്കൊണ്ടുള്ള ഒരു ബൃഹത്തായ പദ്ധതി തയ്യാറാക്കി ബീച്ചിലേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും കോണ്ഗ്രസ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി.ഗിരീഷ് ആവശ്യപ്പെട്ടു.