വൈപ്പിൻ: ബസ് കാത്തു നിൽക്കാൻ പേരിന് ഒരു ഷെഡ് പോലുമില്ലാത്ത മുനന്പം ബസ് സ്റ്റാൻഡ് ശാപമോക്ഷത്തിനായി കാത്തിരിക്കുന്നു. വൈപ്പിൻ സംസ്ഥാനപാതയിൽ റോഡ് അവസാനിക്കുന്ന മുനന്പം ജെട്ടിക്കടുത്ത് ടാർ ചെയ്ത വെറുമൊരു പറന്പ് മാത്രമായി അവശേഷിക്കുകയാണീ ബസ് സ്റ്റാ ൻഡ്.
ബസ് സ്റ്റാൻഡ് പിറവിയെടുത്ത കാലം മുതൽക്കെ ഇങ്ങിനെ തന്നെയാണ് കിടപ്പെന്ന് പഴമക്കാർ പറയുന്നു. ഈ പ്രദേശത്ത് മുസരിസ് പദ്ധതിക്കായി കോടികൾ ചെലവാ ക്കിയെ ങ്കിലും ബസ് സ്റ്റാൻഡിന് പരിഗണനയൊന്നും ലഭിച്ചില്ല. യാത്രക്കാർക്ക് വിശ്രമിക്കാനോ മഴയോ വെയിലോ ഉള്ളപ്പോൾ ഒന്ന് കയറി ഇരിക്കാനോ ഒരു ഷെഡുപോലുമില്ലാത്തൊരിടം. ദൂരയാത്രക്ക് പോകുന്നവർക്ക് ഒരു ശൗചാലയം പോലും മുനന്പം ബസ് സ്റ്റാൻഡിൽ ഇല്ല.
ശൗചാലയത്തിനായി സ്ത്രീകളായ യാത്രക്കാർ ഈ പരിസരങ്ങളിലെ വീടുകളിലാണ് അഭയം പ്രാപിക്കുന്നത്. സംസ്ഥാനപാതയിലെ ഈ ബസ് സ്റ്റാൻഡിൽ വൈപ്പിൻ, പറവൂർ, എറണാകുളം, കൊടുങ്ങല്ലൂർ മേഖലകളിൽ നിന്നുള്ള ബസുകൾ എത്തുന്നുണ്ട്. ഇവിടെയിറങ്ങി ഫെറി കടന്നാണ് കൊടുങ്ങല്ലൂർ മേഖലയിലേക്ക് ആളുകൾ പോകുന്നത്.
ഇപ്പോൾ മുനന്പം-അഴീക്കോട് പാലം നിർമാണത്തിന്റെ പേരിൽ ബസ് സ്റ്റാൻഡ് അപ്രസക്തമാകുമെന്ന് ചിലർ വാദിക്കുന്നുണ്ട്. പക്ഷേ പാലം വന്നാലും മുനന്പം ബസ് സ്റ്റാൻഡിന്റെ പ്രസക്തി നഷ്ടപ്പെടുകില്ല. പാലം കടന്ന് പോകാതെ മുനന്പത്ത് സർവീസ് അവസാനിക്കുന്ന നിരവധി ബസുകൾ ഉണ്ടാകും. അപ്പോൾ കൂടുതൽ സൗകര്യങ്ങൾ സ്റ്റാൻഡിൽ വേണ്ടിവരും. ഈ സാഹചര്യത്തിൽ പാലം വന്നാലെങ്കിലും ബസ് സ്റ്റാൻഡിനു ശാപമോക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.