വൈപ്പിൻ: തമിഴ് നാട്ടിൽ നിന്നെത്തി മുനന്പത്ത് പോലീസ് പിടിയിലായ ക്വട്ടേഷൻ സംഘം ആലുവ-പറവൂർ-പെരുന്പാവൂർ മേഖലയിലെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കണക്ക് തീർക്കാനെത്തിയതെന്നാണ് പ്രാഥമികമായ നിഗമനമെങ്കിലും സംഭവത്തിനു പിന്നിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളോ അതോ മറ്റ് ചില സംസ്ഥാനന്തര ബന്ധങ്ങളുമുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരുകയാണ്.
ക്വട്ടേഷൻ ഏൽപ്പിച്ചത് ആലുവാ സ്വദേശിയാണെന്ന് സംഘം പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇയാൾ ഇടനിലക്കാരനായിരിക്കാമെന്ന സംശയവും പോലീസിനുണ്ട്. ഈ സാഹചര്യത്തിൽ പ്രബലനായ മറ്റൊരാൾ ക്വട്ടേഷനു പിന്നിലുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
സംഘം പിടിയിലായതോടെ ഇവരെ മൂന്നുലക്ഷം രൂപയ്ക്ക് ഏർപ്പാടാക്കിയ ആലുവ സ്വദേശിയെ പോലീസ് തെരഞ്ഞെങ്കിലും ഇയാൾ മുങ്ങിയതായാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇപ്പോൾ ഗുണ്ടകളുടെ പിന്നാലെയാണ്.
ഇതിനകം ആലുവ, പറവൂർ, പെരുന്പാവൂർ, അങ്കമാലി മേഖലയിൽ ഗുണ്ടാ ബന്ധങ്ങൾ ഉള്ള നിരവധി പേരെ റൂറൽ എസ്പി ചോദ്യം ചെയ്തു കഴിഞ്ഞു. ഇപ്പോൾ പോലീസ് അന്വേഷിക്കുന്ന ആലുവ സ്വദേശി പറവൂരിലെ ഗുണ്ടാസംഘവുമായി അടുത്ത് ബന്ധമുള്ളയാളാണെന്നാണ് അറിവ്.
ഇതുവഴിയാണ് സംഘത്തിനു താമസിക്കാനും, വഴികാട്ടാനും, ഭക്ഷണം നൽകാനും മറ്റും പറവൂർ മുനന്പം കവലയിലുള്ള ഒരു യുവാവിനെ ഏർപ്പാടാക്കിയത്. ഇയാളും ക്വട്ടേഷൻ സംഘത്തിനൊപ്പം പോലീസ് പിടിയിലായിട്ടുണ്ട്. മാത്രമല്ല പിടിയിലായ സംഘത്തെ വിടുവിക്കാനായി ആദ്യം ചില ശ്രമങ്ങൾ നടത്തിയ ഒരു യുവാവാകട്ടെ വെടിമറ ബന്ധമുള്ളയാളാണെന്നും സൂചനയുണ്ട്.
ആലുവയിൽ സുഹൃത്തിന്റെ വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയ തന്റെ തമിഴ് സുഹൃത്തുക്കൾ ചെറായി ബീച്ചിൽ താമസിച്ചുകൊണ്ടിരിക്കെ പോലീസ് പിടിയിലായെന്നും അവരെ വിടുവിക്കാൻ സഹായിക്കണമെന്നും ചില പ്രാദേശിക രാഷ്ട്രീയക്കാരോട് ഇയാൾ ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
അതേ സമയം ക്വട്ടേഷൻ സംഘം വധിക്കാൻ പദ്ധതിയിട്ട ആളാകട്ടെ ജില്ലയിൽ ഗുണ്ടാ സെറ്റപ്പും, വൻ ക്രിമിനൽ പാശ്ചാത്തലമുള്ള ഒരാളാണ്. ഇയാൾ ഇടക്കാലത്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ച് നേതാവായതാണ്. അതേസമയം പോലീസ് ഇയാളുടെ പേര് മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല.
റൂറൽ എസ്പി കെ. കാർത്തിക്, ഡിവൈഎസ്പി ജി. വേണു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് കേസ് വിശദമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് സൂചന.
ക്വട്ടേഷൻ സംഘം റിമാൻഡിൽ
ചെറായി: ജില്ലയിലെ ഒരു ഗുണ്ടാ നേതാവിനെ വധിക്കാൻ തമിഴ് നാട്ടിൽ നിന്നെത്തി പോലീസ് പിടിയിലായ ക്വട്ടേഷൻ സംഘത്തെ പറവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തോക്ക് റിമാന്റ് ചെയ്തു. പ്രതികളെ ഇന്നലെ രാത്രി തന്നെ മട്ടാഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.
തമിഴ് നാട്ടിൽ നിന്നും ഏർപ്പാടാക്കിയ ഏഴംഗം ക്വട്ടേഷൻ സംഘവും ഇവരുടെ സഹായി മലയാളി യുവാവുമുൾപ്പെടുന്ന എട്ടംഗസംഘമാണ് റിമാന്റിലായത്. വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതികളെ ഇന്നലെ മജിസ്ട്രേറ്റിനു മുന്നിലും ജയിലിലുമെത്തിച്ചത്.
തിരുനെൽ വേലി ചെട്ടിക്കുളങ്ങര രമേഷ് -31, നാഗർകോവിൽ അറസുമുടി രാമസ്വാമി-36, വള്ളിയൂർ കീലത്തെരുവ് യേശു-37 , തൂത്തുക്കുടി സ്വദേശികളായ മുത്തൈപുരം അരുളാനന്ദൻ- 36, തിരിച്ചന്തൂർ പ്രഭു-27, കന്യാകുമാരി അസറിപാളം ബെനിൻ -20 , ചെന്നൈ ചെങ്ങൽപേട്ട് വിനോദ് -25 , മലയാളിയായ പറവൂർ മുനന്പം കവല കൈതക്കൽ ഹബീബ് -24 എന്നിവരെ മുനന്പം വേളാങ്കണ്ണികടപ്പുറത്തുള്ള സന്നസ് വില്ല എന്നഹോം സ്റ്റേയിൽ നിന്നും മുനന്പം പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവർ എത്തിയ കാറും പോലീസ് പിടിച്ചെടുത്തു.
കാറിൽ നിന്നും രണ്ട് വടിവാളുകളും ഇരുന്പ് വടികളും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു. സ്റ്റേഷനിലെത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഘം ക്വട്ടേഷനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നത്.
മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് ക്വട്ടേഷൻ ഏറ്റെടുത്ത് ചെന്നൈയിൽ നിന്നും കേരളത്തിലെത്തിയതെന്നും ഇതിനായി പദ്ധതികൾ പ്ലാൻ ചെയ്ത് കഴിഞ്ഞ അഞ്ചുദിവസമായി സംഘം ഹോം സ്റ്റേയിൽ തങ്ങുകയായിരുന്നെന്നും സംഘാംഗങ്ങൾ പോലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ആലുവ സ്വദേശിയായ ഒരാളാണത്രേ. താസമ സൗകര്യവും ഭക്ഷണവും എല്ലാം ഒരുക്കി തന്നതെന്നും ഇവർ വെളിപ്പെടുത്തി. പിടിയിലായവരിൽ അരുൾ നിരവധി കൊലപാതക കേസുകളിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിട്ടുള്ളയാളും തമിഴ് നാട്ടിലെ പനങ്ങാട് മക്കൾ കക്ഷി ഗുണ്ടാ സംഘത്തിലെ അംഗവുമാണെന്ന് പോലീസ് പറഞ്ഞു.
കൂടാതെ രാമസ്വാമിക്കും ക്രിമിനൽ കേസുണ്ട്. സംഘം പിടിയിലായതോടെ ഐബി, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻമാർ മുനന്പത്തെത്തി സംഘത്തെ വിശദമായി ചോദ്യം ചെയ്തു.