കൊച്ചി: എറണാകുളം മുനന്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അനധികൃത കുടിയേറ്റമാണു നടന്നതെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ വ്യക്തമായെന്നു ചൂണ്ടിക്കാട്ടി പോലീസ് ഹൈക്കോടതിയിൽ വിശദീകരണ പത്രിക സമർപ്പിച്ചു.
വിദേശത്തേക്കു കടന്നവർ ആരുടെയും നിർബന്ധത്തിനോ ഭീഷണിക്കോ വഴങ്ങിയല്ല പോയത്. ഇവരെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും തട്ടിപ്പു നടത്തിയോയെന്നും അറിയാൻ ബോട്ടിൽ വിദേശത്തേക്കു കടന്നവരെ കണ്ടെത്തി ചോദ്യം ചെയ്യണം. ഇതിനായി കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ സഹായം തേടിയിട്ടും ഇതുവരെ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും എറണാകുളം റൂറൽ അഡി. എസ്പി എം.ജെ. സോജൻ നൽകിയ വിശദീകരണ പത്രിക പറയുന്നു.
ബോട്ടിൽ കടന്നവരിൽ ഏറെയും ഡൽഹിയിൽ താമസമാക്കിയ തമിഴ്നാട്ടുകാരാണ്. ചിലർ ശ്രീലങ്കൻ വംശജരുമാണ്. ഇവരിൽ പലരുടെയും ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും വിദേശത്തേക്കു കുടിയേറി അവിടെ താമസമാക്കിയവരാണ്. ഇവരെ കണ്ടെത്താൻ ഓസ്ട്രേലിയൻ ഫെഡറൽ പോലീസും ന്യൂസിലൻഡ് സർക്കാരും ജാഗ്രത പാലിക്കുന്നുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.
ജനുവരി 12നു മുനന്പം മാല്യങ്കര ബോട്ട് ജെട്ടിയിൽനിന്ന് ഒരു ബോട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം 87 പേർ വിദേശത്തേക്കു കടന്നെന്നാണു കേസ്.