വൈപ്പിൻ: മുനമ്പം ഹാർബറിൽ ബാറ്റ പണം സംബന്ധിച്ചുണ്ടായ തർക്കത്തിനിടെ സഹപ്രവർത്തകരുടെ അടിയേറ്റ് കായലിൽ വീണ് മരിച്ച അതിഥി തൊഴിലാളി ബംഗാളിയല്ല ബംഗ്ലാദേശുകാരനെന്ന് സ്ഥിരീകരിച്ചു.
അല്ല എന്ന് വിളിക്കുന്ന ഹിലാൽ ഷേയ്ക്ക് -28 ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 28 നായിരുന്നു സംഭവം. മരിച്ചയാളുടെ ഫോണിലെ കോൾ ഹിസ്റ്ററി പരിശോധിച്ച പോലീസ് നിരന്തരം ഇയാൾ വിളിച്ചിരുന്ന നമ്പറിലേക്ക് വിളിച്ചപ്പോൾ വിളി എത്തിയത് ബംഗ്ലാദേശിലേക്കാണ്.
താൻ അല്ലയുടെ ഭാര്യയാണെന്നും ഇത് ബംഗ്ലാദേശ് ആണെന്നുമായിരുന്നു മറുപടിയത്രേ. എങ്കിലും കാര്യത്തിന്റെ ഗൗരവമറിയാമെന്നത് കൊണ്ട് അല്ല ബംഗാളിയാണെന്ന് ഭാര്യ കളവ് പറഞ്ഞു.
എങ്കിലും സംശയം തോന്നിയ പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തിയതോടെയാണ് ആൾ ബംഗ്ലാദേശുകാരനെന്ന് സ്ഥിരീകരിച്ചത്.
ഇതിനിടെ മൃതദേഹം ഏറ്റുവാങ്ങാൻ ഭാര്യ വിസമ്മതം അറിയച്ചതോടെ പോലീസ് കുഴങ്ങി. ആളെ തിരിച്ചറിയാനുള്ള മാർഗം തേടിയപ്പോൾ ബംഗ്ലൂരിൽ ഇയാൾക്ക് ബന്ധുക്കൾ ഉണ്ടെന്നു ഭാര്യ അറിയിച്ചു.
ഒപ്പം അവരുടെ ഫോൺ നമ്പറും നൽകി. പോലീസ് ഇവരെ വിളിച്ചു വെങ്കിലും ഇവർ വരാൻ കൂട്ടാക്കിയില്ല. അവസാനം പോലീസ് ബാംഗ്ലൂരിലെത്തി ഇവരെ കൂട്ടിക്കൊണ്ട് മൃതദേഹം സൂക്ഷിച്ചിരുന്ന എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ച് ആളെ തിരിച്ചറിയുകയായിരുന്നു.
പക്ഷേ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനോ, മറവ് ചെയ്യാനോ സാമ്പത്തികമില്ലെന്ന് പറഞ്ഞ് ഇവർ കയ്യൊഴിഞ്ഞത്രേ. അവസാനം പോലീസും ആംബുലൻസ് ഡ്രൈവറും ചേർന്ന് പലരുടെയും സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് കുഞ്ഞുണ്ണിക്കര ജുമാ മസ്ജിദ് ഭാരവാഹികൾ സഹായം വാഗ്ദാനം ചെയ്യുകയും ഇസ്ലാം മത വിശ്വാസിയായ ഹിലാലിന്റെ മൃതദേഹം തിങ്കളാഴ്ച കുഞ്ഞുണ്ണിക്കര മസ്ജിദിൽ സംസ്കരിക്കുകയും ചെയ്തു.