വൈപ്പിൻ: മത്സ്യബന്ധന ബോട്ടുകൾ ചെറുമത്സ്യങ്ങളെ പിടികൂടുന്നതിലും അശാസ്ത്രീയ മത്സ്യബന്ധന രീതികൾ അവലംബിക്കുന്നതിലും ഫിഷറീസ് വകുപ്പിന്റെ നടപടികളിലെ ന്യായ അന്യായങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള തർക്കം കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ വിഷയം രാഷ്ട്രീയമായി.
ബോട്ടുകൾ കസ്റ്റഡിയിലെടുക്കുന്നതിന്റെ പേരിൽ മുനന്പം മത്സ്യമേഖലയും ഫിഷറീസ് ഉദ്യോഗസ്ഥരും തമ്മിൽ നിരന്തര തർക്കങ്ങൾ തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായി. മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും പല കൂടിക്കാഴ്ചകൾ നടത്തി തീരുമാനങ്ങൾ എടുത്തെങ്കിലും ഒന്നും പ്രാവർത്തികമായില്ല.
വീണ്ടും തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്ന് ഒരാഴ്ചമുന്പ് മുനന്പം മത്സ്യമേഖലയിൽ ഹർത്താൽ നടത്തിയിരുന്നു.
ഇതിനുശേഷം എസ്. ശർമ്മ എംഎൽഎയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരും മത്സ്യബന്ധന മേഖലയിലുള്ളവരും ചർച്ച ചെയ്ത് ഒരു നിലപാട് എടുത്തിരുന്നെങ്കിലും ഫിഷറീസ് ഉദ്യോഗസ്ഥർ ഇത് ലംഘിക്കുകയാണെന്നാരോപിച്ച് സ്ഥിതി വീണ്ടും സ്ഥിതി വഷളായി.
ഇതിനിടെ കോണ്‍ഗ്രസ് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശനെ പങ്കെടുപ്പിച്ച് മുനന്പത്ത് ഫിഷറീസ് ഉദ്യോഗസ്ഥർക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിരോധ സായാഹ്നം നടത്തി. ഇപ്പോൾ കോണ്‍ഗ്രസാകട്ടെ ഫിഷറീസ് ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിയുടെ ഓഫീസ് സ്റ്റാഫിൽപെട്ടവരും അയൽ സംസ്ഥാന ഹാർബർ ലോബികളുടെ ഏജന്റ്മാരാണെന്നും ഇവർക്കെതിരേ വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമര രംഗത്തിറങ്ങിയിരിക്കുകയാണ്.