വൈപ്പിൻ: സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള കണ്ടെയ്ൻമെന്റ് സോണുകളിൽനിന്നു അനവധി മത്സ്യതൊഴിലാളികൾ കടൽ മാർഗം വൈപ്പിനിലെ മത്സ്യബന്ധന തുറമുഖങ്ങിലേക്ക് എത്തുന്നതായ വാർത്തയെത്തുടർന്ന് ഇന്ന് രാവിലെ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മാജാ ജോസിന്റെ നേതൃത്വത്തിൽ മുനന്പം ഹാർബറിൽ ഫിഷറീസ് വകുപ്പും ആരോഗ്യ വകുപ്പും പോലീസും സംയുക്ത പരിശോധന നടത്തി.
സംഭവം ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ ഇത്തരത്തിൽ എത്തിയ അന്യജില്ലകളിലേയും അന്യസംസ്ഥാനത്തെയും മത്സ്യതൊഴിലാളികൾ ഇന്ന് തന്നെ സ്ഥലം വിടണമെന്ന് അറിയിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
അന്യജില്ലകളിൽനിന്നു എത്തിയിട്ടുള്ള തൊഴിലാളികൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നവർതന്നെ ഇവരെ തിരികെ നാട്ടിലേക്ക് വിടാൻ സൗകര്യം ചെയ്തു കൊടുക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
നിലവിൽ ഇവിടെനിന്നു മത്സ്യബന്ധനത്തിനു പോയിക്കൊണ്ടിരിക്കുന്നവരല്ലാതെ ഒരാളും ഇവിടെ താമസിക്കാനും പാടില്ലെന്നാണ് നിർദ്ദേശം. മാത്രമല്ല ഇപ്പോൾ കടലിൽ മത്സ്യബന്ധനം നടത്തിവരുന്ന ഇത്തരക്കാർ അവരുടെ നാട്ടിലേക്ക് കടൽമാർഗം തന്നെ തിരിച്ചുപോകണമെന്നും പറഞ്ഞിട്ടുണ്ട്.
60 ഓളം ചൂണ്ട വള്ളങ്ങളാണ് ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് മുനന്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയത്. ഇതിലെ 200ൽ പരം വരുന്ന തൊഴിലാളികളെല്ലാം തന്നെ കണ്ടെയ്ൻമെന്റ് സോണുകളായ കൊല്ലം ശക്തികുളങ്ങര, തിരുവനന്തപുരം പൊഴിയൂർ, കുളത്തൂർ തുടങ്ങിയ മേഖലയിൽ നിന്നുള്ളവരാണ്.
സംസ്ഥാനത്തിനകത്തുള്ളവർക്ക് ഒരു ജില്ലയിൽനിന്നു മറ്റൊരു ജില്ലയിലേക്ക് പോകുന്പോൾ ക്വാറന്റൈൻ വേണ്ട എന്ന ലോക്ക് ഡൗണ് ചട്ടത്തിലെ ഇളവ് മുതലെടുത്താണ് ഇവർ മുനന്പത്തെത്തിയത്. എന്നാൽ കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്ക് ഈ ഇളവ് ബാധകല്ലെന്നാണ് ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥർ പറയുന്നത്.